ഓസ്ട്രേലിയയുടെ ടോറി ലൂയിസ് | Photo: twitter.com
ഷിയാമെന്‍ (ചൈന): ചൈനയില്‍ നടന്ന ഡയമണ്ട് ലീഗില്‍ വനിതകളുടെ 200 മീറ്ററില്‍ അട്ടിമറി. ജേതാവാകുമെന്ന് കരുതപ്പെട്ടിരുന്ന, 100 മീറ്ററിലെ ഇപ്പോഴത്തെ ലോക ചാമ്പ്യന്‍കൂടിയായ യു.എസ്. താരം ഷകാരി ജാക്സണെ മറികടന്ന് ഓസ്ട്രേലിയയുടെ 19-കാരി ടോറി ലൂയിസ് ഒന്നാംസ്ഥാനം നേടി. ടോറി 22.96 സെക്കന്‍ഡിലും ഷകാരി 22.99 സെക്കന്‍ഡിലും ഫിനിഷ് ചെയ്തു. യു.എസിന്റെതന്നെ ടമാര ക്ലാര്‍ക്ക് 23.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാമതായി.
പാരീസ് ഒളിമ്പിക്‌സില്‍ വനിതാ സ്പ്രിന്റിലെ ആകര്‍ഷണമാകും എന്നു കരുതപ്പെടുന്ന ഷകാരിക്ക് സീസണിലെ ആദ്യ 200 മീറ്റര്‍ മത്സരമാണിത്. ‘അല്‍പം സമ്മര്‍ദത്തില്‍പ്പെട്ടുപോയെന്ന്’ മത്സരശേഷം ഷകാരി പ്രതികരിച്ചു. 200 മീറ്ററില്‍ നിലവിലെ ലോകചാമ്പ്യനായ ജമൈക്കന്‍ താരം ഷെറീക്ക ജാക്സണ്‍ മത്സരിച്ചിരുന്നില്ല.
ടോറി ലൂയിസ് അന്താരാഷ്ട്രതലത്തില്‍ പങ്കെടുത്ത ആദ്യ സുപ്രധാന മത്സരമാണിത്. ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കുറിച്ച 22.94 സെക്കന്‍ഡാണ് 200 മീറ്ററില്‍ ടോറിയുടെ മികച്ച സമയം. പുരുഷന്‍മാരുടെ 100 മീറ്ററില്‍ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ (10.13 സെക്കന്‍ഡ്) ഒന്നാമനായി.
