ഹാർദിക് പാണ്ഡ്യ

ജയ്പുര്‍: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് മുംബൈ ജഴ്‌സിയില്‍ ഇന്ന് നൂറാം ഐ.പി.എല്‍. മത്സരം. തിങ്കളാഴ്ച ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈ ഇറങ്ങുക. ഗുജറാത്തിനൊപ്പം രണ്ട് മികച്ച സീസണുകള്‍ കളിച്ച ഹാര്‍ദിക് ഈ സീസണില്‍ മുംബൈയിലേക്ക് നായകനായെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

ഐ.പി.എലില്‍ 2015 മുതല്‍ 2021 വരെ മുംബൈ ജഴ്‌സിയിലാണ് ഹാര്‍ദിക് കളിച്ചത്. 2015, 2017, 2019, 2020 സീസണുകളില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മുംബൈ ടീമിലെ അംഗം കൂടിയാണ്. തുടര്‍ന്ന് 2022-23 സീസണുകളില്‍ ഗുജറാത്തിലേക്ക് മടങ്ങുകയും അരങ്ങേറ്റ സീസണില്‍ ഗുജറാത്തിന് ട്രോഫി നേടിക്കൊടുക്കുകയും ചെയ്തു.

മുംബൈക്കുവേണ്ടി 99 മത്സരങ്ങളില്‍നിന്നായി 1617 റണ്‍സാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. പുറത്താവാതെ നേടിയ 91 റണ്‍സ് ഉള്‍പ്പെടെ നാല് അര്‍ധ സെഞ്ചുറികള്‍ സ്വന്തം പേരിലുണ്ട്. 46 വിക്കറ്റുകളും മുംബൈക്കായി നേടി. അതേസമയം ഗുജറാത്തിനുവേണ്ടി 31 മത്സരങ്ങളില്‍ 833 റണ്‍സ് നേടി. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 81 റണ്‍സ്. ഗുജറാത്തില്‍ ആറ് അര്‍ധ സെഞ്ചുറികളാണ് ഹാര്‍ദിക് നേടിയത്. 11 വിക്കറ്റുകളും ലഭിച്ചു. ഐ.പി.എലിലാകെ 131 മത്സരങ്ങളില്‍നിന്നായി 2450 റണ്‍സാണ് സമ്പാദ്യം. 51 വിക്കറ്റുകളുമുണ്ട്.