പ്രതീകാത്മക ചിത്രം

വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരമാണ് ഭാരത് സീരീസിലുള്ള രജിസ്‌ട്രേഷനുള്ള ചട്ടങ്ങള്‍ക്കു രൂപംനല്‍കിയിരിക്കുന്നത്

ഭാരത് സീരീസിലുള്ള വാഹനരജിസ്‌ട്രേഷന്‍ നിയന്ത്രിക്കുന്നതിന് മഹാരാഷ്ട്ര ഗതാഗത കമ്മിഷണര്‍ കൊണ്ടുവന്ന ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. ഭാരത് രജിസ്‌ട്രേഷന്‍ അപേക്ഷ അംഗീകരിക്കുന്നതിന് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നതാണ് കോടതി തള്ളിയത്. ജസ്റ്റിസ് ഗിരീഷ് കുല്‍ക്കര്‍ണി, ഫിര്‍ദോഷ് പൂനവാല എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉത്തരവിന് ആധികാരികതയില്ലെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

ഭാരത് രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര സംസ്ഥാന ജുഡീഷ്യല്‍ സര്‍വീസസിലെ സീനിയര്‍ സിവില്‍ ജഡ്ജ് മഹേന്ദ്ര പാട്ടീല്‍ നല്‍കിയ അപേക്ഷ ഗതാഗതവകുപ്പ് തള്ളിയിരുന്നു. ഇതു ചോദ്യംചെയ്തു നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഭാരത് രജിസ്‌ട്രേഷനുള്ള നിബന്ധനപ്രകാരം ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുസഹിതമായിരുന്നു അപേക്ഷയെന്നും എന്നാല്‍ 2024 ഫെബ്രുവരിയില്‍ ഗതാഗത കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തരവു പ്രകാരം മറ്റുചില നിബന്ധനകള്‍ പാലിക്കുന്നില്ലെന്നു കാട്ടി അപേക്ഷ നിരസിക്കുകയായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.

ഗതാഗത കമ്മിഷണറുടെ ഉത്തരവനുസരിച്ച് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം സ്ഥാപനത്തിന് മറ്റു സംസ്ഥാനങ്ങളില്‍ ഓഫീസ് ഉണ്ടെന്നും അവിടെ താമസിച്ചതിനോ സേവനകാലത്ത് അവിടെ ലഭിച്ച ശമ്പളബില്ലിന്റെ പകര്‍പ്പോ വേണമെന്നും നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ ഉത്തരവിറക്കാന്‍ ഗതാഗത കമ്മിഷണര്‍ക്ക് അധികാരമില്ലെന്ന് മഹേന്ദ്ര പാട്ടീല്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ചട്ടങ്ങള്‍ക്കും വകുപ്പുകള്‍ക്കും എതിരാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് കോടതി അംഗീകരിച്ചു.

വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരമാണ് ഭാരത് സീരീസിലുള്ള രജിസ്‌ട്രേഷനുള്ള ചട്ടങ്ങള്‍ക്കു രൂപംനല്‍കിയിരിക്കുന്നത്. ഇതിനെമറികടന്ന് ഉത്തരവിറക്കാന്‍ ഗതാഗത കമ്മിഷണര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് കേന്ദ്രചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. ഉത്തരവിലെ നിര്‍ദേശം ഭാരത് രജിസ്‌ട്രേഷന്‍ അപേക്ഷയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം മാത്രമാണെന്ന് ഗതാഗത കമ്മിഷണറുടെ ഓഫീസ് വാദിച്ചു.

തെറ്റായി ഭാരത് രജിസ്‌ട്രേഷന്‍ നല്‍കുന്നത് സംസ്ഥാനത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നു. ഭാരത് രജിസ്‌ട്രേഷന്‍ വഴിയുള്ള സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് അപേക്ഷകരുടെ എണ്ണം വലിയതോതില്‍ കൂടിയതായും ഗതാഗത കമ്മിഷണറുടെ ഓഫീസ് വാദിച്ചു. എന്നാലിത് കോടതി അംഗീകരിച്ചില്ല. വിവിധ സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടി വരുന്നവര്‍ക്ക് അടിക്കടി വാഹനരജിസ്‌ട്രേഷന്‍ മാറ്റുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി 2021-ലാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പാക്കിയത്.