Photo: Volkswagen
ക്രോമിയം ഇന്‍സേര്‍ട്ടുകള്‍ പൂര്‍ണമായും ബ്ലാക്ക് ആയതാണ് ജി.ടി. പ്ലസ് സ്‌പോര്‍ട്ടിനെ റെഗുലര്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്
ഫോക്‌സ്‌വാഗണിന്റെ ആനുവല്‍ കോണ്‍ഫറന്‍സില്‍ ഐ.ഡി.4 എന്ന ഇലക്ട്രിക് മോഡലിന്റെ അവതരണം മാറ്റി നിര്‍ത്തിയാല്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ടൈഗൂണ്‍ ജി.ടി. ലൈന്‍, ജി.ടി. പ്ലസ് സ്‌പോര്‍ട്ട് മോഡലുകളായിരുന്നു. പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടതോടെ ഈ മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍. അവതരണത്തിന് പിന്നാലെ തന്നെ ഇരുമോഡലുകളുടെയും ബുക്കിങ്ങ് ആരംഭിച്ചതായും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ടൈഗൂണിന്റെ 1.5 ലിറ്റര്‍ മോഡലില്‍ മാത്രമായിരുന്നു മുമ്പ് ജി.ടി. ലൈന്‍ എത്തിയിരുന്നത്. എന്നാല്‍, 1.0 ലിറ്റര്‍ മോഡല്‍ എടുത്ത് ജി.ടി.ലൈനായി മാറ്റുന്നത് വ്യാപകമായതോടെയാണ് 1.0 ലിറ്ററിലും ജി.ടി.ലൈന്‍ എത്തിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. 1.0 ലിറ്റര്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ എത്തുന്ന ഈ മോഡലിന് യഥാക്രമം 14.08 ലക്ഷം രൂപയും 15.63 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ജി.ടി. ബാഡ്ജിങ്ങ് ഉള്‍പ്പെടെ നല്‍കിയാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്.
ലുക്കില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളും ഏതാനും അലങ്കാരങ്ങളുമായാണ് ജി.ടി. പ്ലസ് സ്‌പോര്‍ട്ട് എത്തിയിട്ടുള്ളത്. അടിമുടി കറുപ്പണിഞ്ഞതാണ് ഈ പതിപ്പിനെ മറ്റ് വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈ വാഹനവും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍-ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ എത്തുന്നുണ്ട്. ജി.ടി. പ്ലസ് സ്‌പോര്‍ട്ട് ലൈനിന് യഥാക്രമം 18.53 ലക്ഷവും 19.73 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
ക്രോമിയം ഇന്‍സേര്‍ട്ടുകള്‍ പൂര്‍ണമായും ബ്ലാക്ക് ആയതാണ് ജി.ടി. പ്ലസ് സ്‌പോര്‍ട്ടിനെ റെഗുലര്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ബ്ലാക്ക് ഗ്രില്ല്, സ്‌മോഗ്ഡ് എഫക്ട് നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, റെഡ് ജി.ടി. ലോഗോ, കാര്‍ബണ്‍ സ്റ്റീല്‍ കളര്‍ റൂഫ്, ബ്ലാക്ക് റൂഫ് റെയില്‍, കറുപ്പണിഞ്ഞ അലോയി വീല്‍, റെഡ് ബ്രേക്ക് കാലിപ്പറുകള്‍ തുടങ്ങി ബോഡി കളര്‍ ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം കറുപ്പ് നല്‍കിയാണ് ഈ വേരിയന്റ് ഒരുക്കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ കാഴ്ചയില്‍ സ്‌പോര്‍ട്ടി ഭാവവും ഈ വാഹനത്തിനുണ്ട്.
1.5 ലിറ്റര്‍ ജി.ടി. ലൈനിന് സമാനമായ അലങ്കാരങ്ങളാണ് 1.0 ലിറ്റര്‍ ജി.ടി. ലൈനിലും കൊടുത്തിട്ടുള്ളത്. പിന്നിലും ഫെന്‍ഡറിലും നല്‍കിയിട്ടുള്ള ജി.ടി. ബാഡ്ജിങ്ങ്, ബ്ലാക്ക് കളര്‍ റൂഫ് റെയില്‍, മാറ്റ് ബ്ലാക്ക് ഫിനീഷിങ്ങിലും ബി,സി പില്ലറുകള്‍, ബ്ലാക്ക് ഷെയ്ഡ് നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, 17 ഇഞ്ച് വലിപ്പത്തില്‍ പൂര്‍ണമായും കറുപ്പണിഞ്ഞ് ഒരുങ്ങിയിട്ടുള്ള അലോയി വീല്‍ തുടങ്ങിയ ഫീച്ചറുകളാണ് റെഗുലര്‍ ടൈഗൂണിന് ജി.ടി. ലൈന്‍ ഭാവം പകരുന്നത്.
രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് ടൈഗൂണ്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ്, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്നിവയാണ് ടൈഗൂണിലെ എന്‍ജിനുകള്‍. 1.0 ലിറ്റര്‍ എന്‍ജിന്‍ 115 പി.എസ്. പവറും 178 എന്‍.എം. ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ എന്‍ജിന്‍ 150 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
