കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം, Photo;AFP
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഏഴാം തോല്‍വിയുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കൊല്‍ക്കത്തയ്‌ക്കെതിരേ ഒരു റണ്ണിനാണ് ബെംഗളൂരു പരാജയപ്പെട്ടത്. കെ.കെ.ആര്‍ ഉയര്‍ത്തിയ 223-റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബെംഗളൂരു 221-റണ്‍സിന് പുറത്തായി. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഒരു റണ്‍ ജയം സ്വന്തമാക്കിയാണ് കൊല്‍ക്കത്ത ഈഡനില്‍ നിന്ന് മടങ്ങുന്നത്. ഇതോടെ ബെംഗളൂരുവിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.
കൊല്‍ക്കത്ത ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബെംഗളൂരുവിനായി മികച്ച തുടക്കമാണ് കോലി നല്‍കിയത്. ആദ്യ രണ്ടോവറില്‍ ആര്‍.സി.ബി 27-റണ്‍സെടുത്തു. എന്നാല്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ കോലി പുറത്തായി. ഹര്‍ഷിത് റാണയുടെ ഫുള്‍ ടോസ്സ് കോലിയുടെ ബാറ്റില്‍ തട്ടി മുകളിലോട്ട് ഉയര്‍ന്നു. പന്ത് റാണ തന്നെ കൈയ്യിലൊതുക്കി. പന്ത് അരയ്ക്ക് മുകളിലാണെന്നും നോബോളാണെന്നും വാദിച്ച കോലി ഉടനെ റിവ്യൂ നല്‍കി. എന്നാല്‍ റിവ്യൂവില്‍ പന്ത് നോബോളല്ലെന്ന് അമ്പയര്‍ വിധിയെഴുതിയതോടെ കോലി രോഷത്തോടെ കളം വിട്ടു. അമ്പയര്‍മാരോട് കയര്‍ക്കുകയും ചെയ്തു. ഏഴ് പന്തില്‍ നിന്ന് 18-റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ നായകന്‍ ഡുപ്ലെസിസിനേയും ബെംഗളൂരുവിന് നഷ്ടമായി. ഏഴ് റണ്‍സെടുത്ത താരം നിരാശപ്പെടുത്തി.
എന്നാല്‍ ക്രീസിലൊന്നിച്ച വില്‍ ജാക്‌സും രജത് പാട്ടിദാറും ബെംഗളൂരുവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കൊല്‍ക്കത്ത ബൗളര്‍മാരെ തകര്‍ത്തടിച്ച ഇരുവരും ടീം സ്‌കോര്‍ 100-കടത്തി. അര്‍ധ സെഞ്ചുറി തികച്ച ഇരുവരേയും പുറത്താക്കി റസ്സല്‍ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കി. വില്‍ ജാക്‌സ് 55-റണ്‍സും പാട്ടിദാര്‍ 52-റണ്‍സുമെടുത്തു.
പിന്നാലെ കാമറൂണ്‍ ഗ്രീനിനെയും(6) മഹിപാല്‍ ലൊമ്‌റോറിനെയും(4) കൂടാരം കയറ്റി നരെയ്ന്‍ ബെംഗളൂരുവിനെ പ്രതിരോധത്തിലാക്കി. ദിനേശ് കാര്‍ത്തിക്കും(25) സുയാഷ് പ്രഭുദേശായിയും(24) ചേര്‍ന്ന് ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ബെംഗളൂരു ജയപ്രതീക്ഷ നിലനിര്‍ത്തി. ഇരുവരുടേയും വിക്കറ്റ് കൂടി വീണതോടെ മത്സരം കടുത്തു. അവസാന ഓവറില്‍ 21-റണ്‍സാണ് ആര്‍.സി.ബിയ്ക്ക് വേണ്ടിയിരുന്നത്. ഓവറില്‍ മൂന്ന് സിക്‌സടിച്ച് കാണ്‍ ശര്‍മ ബെംഗളൂരുവിനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും താരത്തെ പുറത്താക്കി സ്റ്റാര്‍ക്ക് കളി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കി. ഒടുവില്‍ 221 റണ്‍സിന് ബെംഗളൂരുവിന്റെ ഇന്നിങ്‌സ് അവസാനിച്ചു. കൊല്‍ക്കത്തയ്ക്കായി റസല്‍ മൂന്ന് വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20-ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222-റണ്‍സാണെടുത്തത്. പതിവുപോലെ വെടിക്കെട്ടോടെയാണ് കൊല്‍ക്കത്ത മത്സരം തുടങ്ങിയത്. സാധാരണ സുനില്‍ നരെയ്‌നാണ് തകര്‍ത്തടിച്ച് തുടങ്ങാറുള്ളതെങ്കില്‍ ഇക്കുറി ഫിലിപ് സാള്‍ട്ടാണ് ആ റോള്‍ ഏറ്റെടുത്തത്. ആദ്യ നാലോവറില്‍ തന്നെ കൊല്‍ക്കത്ത സ്‌കോര്‍ അമ്പത് കടന്നു. എന്നാല്‍ അഞ്ചാം ഓവറില്‍ ഫിലിപ് സാള്‍ട്ടിനെ പുറത്താക്കി സിറാജ് തിരിച്ചടിച്ചു. 14-പന്തില്‍ നിന്ന് ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളും ഉള്‍പ്പെടെ 48 റണ്‍സെടുത്താണ് സാള്‍ട്ട് മടങ്ങിയത്. യഷ് ദയാല്‍ എറിഞ്ഞ ആറാം ഓവറില്‍ നരെയ്‌നും മൂന്നാമനായി ഇറങ്ങിയ രഘുവന്‍ഷിയും പുറത്തായതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലായി. 15 പന്തില്‍ നിന്ന് 10 റണ്‍സ് മാത്രമാണ് നരെയ്‌നെടുക്കാനായത്. രഘുവന്‍ഷി മൂന്ന് റണ്‍സെടുത്തു.
പിന്നീടിറങ്ങിയ വെങ്കടേഷ് അയ്യരും ശ്രേയസ് അയ്യരും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. എട്ട് പന്തില്‍ നിന്ന് 16-റണ്‍സെടുത്ത വെങ്കടേഷ് അയ്യരുടെ വിക്കറ്റാണ് പിന്നീട് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. 16-പന്തില്‍ നിന്ന് 24-റണ്‍സെടുത്ത റിങ്കു സിങ്ങും ടീം സ്‌കോറുയര്‍ത്തി. മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ശ്രദ്ധയോടെ ബാറ്റേന്തിയ നായകന്‍ ശ്രേയസ് അയ്യരേയാണ് ഈഡനില്‍ കാണാനായത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കൊല്‍ക്കത്ത നായകന്‍ അര്‍ധസെഞ്ചുറി തികച്ചു.
കൂടുതല്‍ അപകടം വിതയ്ക്കും മുമ്പേ ശ്രേയസ് അയ്യരെ ഗ്രീന്‍ കൂടാരം കയറ്റി. 36-പന്തില്‍ നിന്ന് 50-റണ്‍സാണ് കൊല്‍ക്കത്ത നായകന്റെ സമ്പാദ്യം. ഇന്നിങ്‌സിന്റെ അവസാനം ആന്ദ്ര റസ്സലും(27) രമണ്‍ദീപ് സിങ്ങും(24) വെടിക്കെട്ടോടെ കൊല്‍ക്കത്തയെ 200 കടത്തി. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കെ.കെ.ആര്‍ 222 റണ്‍സെടുത്തു. ബെംഗളൂരുവിനായി കാമറൂണ്‍ ഗ്രീനും യഷ് ദയാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
