ആന്റോ ആന്റണിയും പി.സി ജോർജും, Phoro: screengrab
കോട്ടയം; ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോരുത്തോട്ടില്‍ മലയോര കര്‍ഷകസമിതി സംഘടിപ്പിച്ച സംവാദ പരിപാടിയില്‍നിന്ന് പത്തനംതിട്ട യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി എംപിയും മറ്റു രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഇറങ്ങിപ്പോയി. അവതാരകനുമായി കടുത്ത വാദപ്രതിവാദങ്ങളിലേര്‍പ്പെട്ട ഇവര്‍ അവതാരകന്‍ മോശം പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് പരിപാടി പൂര്‍ത്തിയാക്കാതെ വേദിയില്‍നിന്ന് ഇറങ്ങിപ്പോയത്.
ആന്റോ ആന്റണിയും എല്‍.ഡി.എഫ് എംഎല്‍എ വാഴൂര്‍ സോമനും പി.സി ജോര്‍ജുമാണ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയത്. കര്‍ഷക മഹാസമ്മേളനം എന്ന പരിപാടിയിലാണ് രൂക്ഷമായ വാഗ്വാദം നടന്നതിന് പിന്നാലെ പരിപാടിയില്‍ പങ്കെടുത്ത മൂന്ന് മുന്നണിയിലെയും നേതാക്കള്‍ കളംവിടുകയായിരുന്നു.
വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നേതാക്കളെ കുഴക്കിയത്. വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ചെയ്ത നടപടികളെ കുറിച്ചാണ് രൂക്ഷമായ ചോദ്യങ്ങളുയര്‍ന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതി വിഷയത്തില്‍ ഇനി എന്താണ് ചെയ്യാനുള്ളത് എന്നത് സംബന്ധിച്ചും ചോദ്യമുയര്‍ന്നു.
ഇതൊരു ചര്‍ച്ചയാണെന്നറിയില്ലെന്നും ചര്‍ച്ചയാണെന്നറിഞ്ഞിരുന്നെങ്കില്‍ രേഖകള്‍ കൊണ്ടുവന്നേനെയെന്നും ആന്റോ ആന്റണി പറഞ്ഞു. ആന്റോ ആന്റണി സംസാരിക്കുന്നതിനിടയില്‍ അവതാരകന്‍ ഇടപെട്ടതോടെ ആന്റോ അദ്ദേഹത്തോട് കയര്‍ത്തു സംസാരിച്ചു. പിന്നാലെ താനാരാ, തന്റെ പണി നോക്കെന്ന് പറഞ്ഞ് ആന്റോ വേദിയില്‍ നിന്ന് ഇറങ്ങി.
വാഴൂര്‍ സോമന്‍ എം.എല്‍.എയും പി.സി ജോര്‍ജും സംസാരിക്കുമ്പോഴാണ് അവതാരകന്‍ ആദ്യം ഇടപെട്ടത്. ഐ ആം ദ മോഡറേറ്റര്‍ എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ വാട്ട് മോഡറേറ്ററെന്ന് പി.സി ജോര്‍ജ് തിരിച്ചുചോദിച്ചു. പിന്നാലെ അദ്ദേഹം പരിപാടിയില്‍ നിന്ന് അദ്ദേഹവും ഇറങ്ങിപ്പോകുകയായിരുന്നു.
