വി.ഡി. സതീശൻ

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ബി.ജെ.പിയെ പോലെ വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ട് പിടിക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു…

മലപ്പുറം: വടകരയില്‍ സി.പി.എം. സ്ഥാനാര്‍ഥി പൊട്ടിച്ച നുണബോംബ് ചീറ്റിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ബി.ജെ.പിയെ പോലെ വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ട് പിടിക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. മലപ്പുറത്ത് മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ബി.ജെ.പിയെ പോലെ വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ട് പിടിക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുന്നത്. വടകരയില്‍ എന്താണ് സംഭവിച്ചത്? ബോംബ് പൊട്ടി, സി.പി.എം. പ്രവര്‍ത്തകന്റെ കൈ പോയി. തൊട്ടുപിന്നാലെ സി.പി.എം. സ്ഥാനാര്‍ഥി വന്ന് ഒരു നുണബോംബ് പൊട്ടിച്ചു, അത് ചീറ്റിപ്പോയി. സ്ഥാനാര്‍ഥി ഇപ്പോള്‍ പറയുന്നത് അവരൊന്നും പറഞ്ഞിട്ടില്ലെന്നാണ്. എന്നാല്‍, തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് സതീശന്‍ പറഞ്ഞു.

ആ സ്ഥാനാര്‍ഥി പോലീസിന് നല്‍കിയ പരാതിയുടെ കോപ്പി കൈവശമുണ്ട്. അതില്‍ എട്ട്, ഒന്‍പത് പോയിന്റുകളില്‍ പറയുന്നത് അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ ക്ലിപ്പിനെക്കുറിച്ചാണ്. ഇതുപയോഗിച്ച് അവര്‍ക്കെതിരെ വ്യാജപ്രചാണം നടത്തുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ നേരത്തേതന്നെ പറഞ്ഞു, അങ്ങനെയൊരു വീഡിയോ ക്ലിപ്പുണ്ട് എന്നത് സത്യമാണെങ്കില്‍ അത് കാണിക്കണം. എന്നിട്ട് എന്ത് അന്വേഷണം വേണമെങ്കിലും നടത്തിക്കോളൂ.

പ്രതികള്‍ കോണ്‍ഗ്രസ്, യു.ഡി.എഫ്. പ്രവര്‍ത്തകരാണെങ്കില്‍, ബാക്കി വേണ്ട നടപടികള്‍ ഞങ്ങള്‍ കൈക്കൊള്ളും. എന്നാല്‍ ഇന്നലെ നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ എന്താണ് പറഞ്ഞത്, വീഡിയോ എന്ന് പറഞ്ഞിട്ടില്ലെന്ന്. വീഡിയോ എന്നവര്‍ പറയുകയും ചെയ്തിട്ടുണ്ട്, പരാതിയും കൊടുത്തിട്ടുണ്ട്. ഷാഫി പറമ്പിലാണ് ആ വീഡിയോക്ക് പിന്നിലെന്നുവരെ എം.വി. ഗോവിന്ദന്‍ പറഞ്ഞു. അതിന്റെ പേരില്‍ ഞാനടക്കം സൈബര്‍ ആക്രമണം നേരിട്ടു.

20 വര്‍ഷം മുമ്പ് മരിച്ചുപോയ എന്റെ അച്ഛനെക്കുറിച്ചുവരെ ആളുകള്‍ അനാവശ്യം പറഞ്ഞു. ഷാഫി പറമ്പിലിന്റെ ഉമ്മയെവരെ ഇതിലേക്ക് വലിച്ചിട്ടു. ശരിക്കും കോണ്‍ഗ്രസ് നേതാക്കളാണ് സൈബര്‍ ആക്രമണം നേരിട്ടത്. എന്നിട്ടിപ്പോള്‍ പറയുന്നു അവര്‍ വീഡിയോ എന്ന് പറഞ്ഞിട്ടില്ലെന്ന്. അസുഖം ആയിരുന്നതുകൊണ്ടാണ് കരഞ്ഞിരുന്നതുപോലെ തോന്നിയതെന്ന്… എന്തൊരഭിനയമാണ് ഇത്.

പിണറായി വിജയനോട് എനിക്ക് പറയാനുള്ളത് ഇതാണ്, നിങ്ങളുടെ സ്ഥാനാര്‍ഥി നുണ പറഞ്ഞുവെന്ന് അവര്‍ തന്നെ സമ്മതിച്ചിരിക്കുന്നു. ആ സ്ഥിതിക്ക് ഇതിന്റെ പേരിലെടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണം. എത്രയോ പാവപ്പെട്ടവര്‍ക്കെതിരെയാണ് കേസെടുത്തത് എന്നറിയാമോ? എനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങളെപ്പറ്റി ഞാന്‍ എത്ര പരാതി കൊടുത്തു. ഒന്നിലും ഒരു കേസുപോലും എടുത്തില്ല.

മോദി ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. മോദിയെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. ഇതില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത്? മോദിക്കെതിരെ പറഞ്ഞാല്‍ പിണറായി വിജയന്റെ പോലീസ് കേസെടുക്കും. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ ആര്‍ക്കും എന്തും ആവാം.

വീഡിയോ ഉണ്ടാക്കിയിട്ടത് ഷാഫി പറമ്പാലാണ് എന്നാണ് പറഞ്ഞത്. എന്നിട്ടിപ്പോള്‍ പറയുന്നു വീഡിയോ ഇല്ല എന്ന്. ഞങ്ങളാരും കണ്ടിട്ടില്ല ആ വീഡിയോ. അതുകണ്ട ഏതെങ്കിലും മാധ്യമപ്രവര്‍ത്തകരുണ്ടോ? പോലീസുകാരുണ്ടോ? പരാതിക്കൊപ്പം അവര്‍ ആ വീഡിയോ തെളിവ് നല്‍കിയിട്ടില്ല. എന്നിട്ടാണ് ഷാഫി പമ്പിലിനെതിരെ അത്ര വലിയ ഒരു നുണ പ്രചാരണം പടച്ചുവിട്ടത്. രാഷ്ട്രീയ മുതലെടുപ്പിനല്ലെ അവര്‍ ശ്രമിച്ചത്.

ഇപ്പോള്‍ പറയുന്നത് കോണ്‍ഗ്രസ് ഇസ്ലാമോഫോബിയ വളര്‍ത്തുന്നു എന്നാണ്. ശരിക്കും കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നത് ആരാണ്? 1987-ല്‍ യൂണിയന്‍ സിവില്‍ കോഡ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് മുന്നോട്ടുവന്നത് ആരാണ്? പഴയതൊന്നും ആരും മറക്കണ്ട. യു.പി.എ. സര്‍ക്കാര്‍ ആദ്യമായി അധികാരത്തില്‍ വന്നപ്പോള്‍ ഇ. അഹമ്മദ് സാഹിബ് കേന്ദ്രമന്ത്രിയായി. മതേതര ഭാരതത്തിന്റെ ചങ്കിനേറ്റ കുത്ത് എന്നാണ് വി.എസ്. അച്യുതാനന്ദന്‍ അതിനെ വിശേഷിപ്പിച്ചത്.

വേങ്ങര തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി വിജയിച്ചു. മലപ്പുറത്തിന്റേത് വര്‍ഗീയ മനസെന്നാണ് പിണറായി മന്ത്രിസഭയില്‍ അന്ന് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. മലപ്പുറത്തിന് വര്‍ഗീയ മനസാണോ? അതോ അങ്ങനെയാണോ സി.പി.എമ്മിന്റെ അഭിപ്രായം? മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇതിന് മറുപടി പറയണം. പൗരത്വനിയമത്തില്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ലെന്നാണല്ലോ മുഖ്യമന്ത്രി പറയുന്നത്. എന്നിട്ട് ആരാണ് അതിനെതിരെ കേരളത്തില്‍ സമരപരിപാടികള്‍ നടത്തിയത്?

പൗരത്വനിയമവുമായി ബന്ധപ്പെട്ട അത്തരം സമരങ്ങളില്‍ അറസ്റ്റിലായവരുടെയൊക്കെ കേസുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആ സമയത്തുതന്നെ പിന്‍വലിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ അറസ്റ്റുചെയ്യപ്പെട്ടവര്‍ ഇപ്പോഴും കോടതി കയറിയിറങ്ങി നടക്കുകയാണ്. പൗരത്വനിയമത്തെ എതിര്‍ക്കുന്ന കേരള സര്‍ക്കാര്‍ എന്തുകൊണ്ടാണ് അതിനെതിരെ സമരം ചെയ്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാത്തത്. അത് ബി.ജെ.പിയെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണോ എന്നും സതീശന്‍ ചോദിച്ചു.