യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു | Photo: AP, AFP

പലസ്തീനികള്‍ക്കെതിരായ ക്രൂരമായ അതിക്രമങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇസ്രയേലി സൈനിക യൂണിറ്റാണ് നെറ്റ്‌സ യഹൂദ

വാഷിങ്ടൺ/ടെല്‍ അവീവ്: ഇസ്രയേലി പ്രതിരോധസേനാ (ഐ.ഡി.എഫ്) യൂണിറ്റായ നെറ്റ്‌സ യഹൂദയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക. വെസ്റ്റ് ബാങ്കില്‍ നടത്തിയ മനുഷ്യാവകാശലംഘനങ്ങളുടെ പേരിലാണ് യൂണിറ്റിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് ഇസ്രയേലിനെതിരെ അമേരിക്ക ഉപരോധനീക്കം നടത്തുന്നത്.

അതേസമയം, അമേരിക്കയുടെ തീരുമാനത്തിനെതിരെ ഇസ്രയേല്‍ രംഗത്തെത്തി. സേനാ യൂണിറ്റിനെ ഉപരോധിക്കാനുള്ള നീക്കം അസംബന്ധമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എക്‌സിലൂടെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.

‘ഇസ്രയേല്‍ പ്രതിരോധസേനയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ പാടില്ല. ഇസ്രയേലി പൗരന്മാരെ ഉപരോധിക്കുന്നതിനെതിരായ പ്രവര്‍ത്തനങ്ങളിലായിരുന്നു ആഴ്ചകളായി ഞാന്‍. ഇതിനായി അമേരിക്കന്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംഭാഷണം നടത്തി. ഞങ്ങളുടെ സൈനികര്‍ ഭീകരന്മാരുമായി പോരാടുന്ന സമയത്ത് ഐ.ഡി.എഫിലെ ഒരു യൂണിറ്റിന് ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം അസംബന്ധവും ധാര്‍മ്മികമായ അധഃപതനവുമാണ്. ഞാന്‍ നയിക്കുന്ന സര്‍ക്കാര്‍ ഇതിനെതിരെ സാധ്യമായതെല്ലാം ചെയ്യും’, നെതന്യാഹു ഹീബ്രു ഭാഷയിൽ ട്വീറ്റ് ചെയ്തു.

ഐ.ഡി.എഫ്. യൂണിറ്റിനെ ഉപരോധിക്കുന്നത് പരിധികടന്നുള്ള നീക്കമാകുമെന്ന് തീവ്ര യാഥാസ്ഥിതിക-വലതുപക്ഷവാദിയും ഇസ്രയേല്‍ ദേശസുരക്ഷാ വകുപ്പ് മന്ത്രിയുമായ ഇതാമിര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു. നെറ്റ്‌സ യഹൂദ ബറ്റാലിയന് എല്ലാ പിന്തുണയും നല്‍കണമെന്ന് ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റിനോട് അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിലൂടെയായിരുന്നു ബെന്‍ ഗ്വിറിന്റെ പ്രതികരണം.

പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ഇസ്രയേലിനേക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് ഉപരോധമെന്നാണ് ഇസ്രയേല്‍ ധനകാര്യമന്ത്രി ബെസാലേല്‍ സ്‌മോട്രിച്ച് പറഞ്ഞത്. പലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമായാല്‍ ഇസ്രയേലിന്റെ സുരക്ഷ ഇല്ലാതാകുമെന്നും സ്‌മോട്രിച്ച് പറഞ്ഞു.

തീവ്ര യാഥാസ്ഥിതിക-വലതുവാദികളുടെ സൈനിക യൂണിറ്റാണ് നെറ്റ്‌സ യഹൂദ. ജൂതമതത്തിലെ വിശ്വാസങ്ങളെല്ലാം പാലിച്ചുകൊണ്ട് സൈനികര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന യൂണിറ്റാണ് ഇത്. പുരുഷന്മാര്‍ മാത്രമാണ് ഈ യൂണിറ്റിലുള്ളത്. ഇവര്‍ക്ക് വനിതാ സൈനികരുമായി ഇടപഴകാന്‍ അനുമതിയില്ല. മതപഠനത്തിനും പ്രാര്‍ഥനയ്ക്കുമായി ഇവര്‍ക്ക് അധികസമയം അനുവദിച്ചിട്ടുണ്ട്.

ഉപരോധമേര്‍പ്പെടുത്തിയാല്‍ നെറ്റ്‌സ യഹൂദയിലെ സൈനികര്‍ക്ക് അമേരിക്കന്‍ സേനയ്‌ക്കൊപ്പം പരിശീലനം നടത്താനോ അമേരിക്ക പണംനല്‍കി നടത്തുന്ന ഒരു പരിപാടിയിലും പങ്കെടുക്കാനോ കഴിയില്ല. അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ യൂണിറ്റിന് കൈമാറാനും സാധിക്കില്ല. യു.എസ്സിലെ പാട്രിക് ലീഹി നിയമപ്രകാരമാണ് ഇത്.

പലസ്തീനി-അമേരിക്കന്‍ പൗരനായ ഒമര്‍ അസദിന്റെ മരണം ഉള്‍പ്പെടെ പലസ്തീനികള്‍ക്കെതിരായ ക്രൂരമായ അതിക്രമങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച യൂണിറ്റാണ് നെറ്റ്‌സ യഹൂദ. 80-കാരനായ ഒമര്‍ അസദിനെ നെറ്റ്‌സ യഹൂദ യൂണിറ്റിലെ സൈനികര്‍ 2022 ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിലങ്ങുവെച്ച് കണ്ണുകെട്ടിയ നിലയിലായിരുന്നു മൃതദേഹം.