എ.ആർ റഹ്മാൻ, സുഖ്‌വിന്ദർ സിങ് | photo: afp

‘ജയ് ഹോ’ ഗാനത്തെക്കുറിച്ചുള്ള രാം ഗോപാൽ വർമയുടെ ആരോപണത്തിൽ മറുപടിയുമായി ഗായകൻ സുഖ്‌വിന്ദർ സിങ്. എ.ആര്‍.റഹ്‌മാന് ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ എന്ന ഗാനം യാര്‍ഥത്തില്‍ അദ്ദേഹം ചിട്ടപ്പെടുത്തിയതല്ലെന്നായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ആരോപണം. ‘ജയ് ഹോ’ റഹ്മാന്റെ സൃഷ്ടിയാണെന്നും അതിന്റെ ആലാപനത്തിൽ പങ്കുചേരുക മാത്രമാണ് താൻ ചെയ്തതെന്നും സുഖ്‌വിന്ദർ പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഗായകന്റെ പ്രതികരണം.

‘യുവരാജ് എന്ന ചിത്രത്തിനു വേണ്ടി ജയ് ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ.ആർ.റഹ്മാൻ തന്നെയാണ്. ഞാൻ അത് പാടിയെന്നേയുള്ളു. അല്ലാതെ ഈണത്തിൽ എനിക്കു പങ്കില്ല. രാം ഗോപാൽ വർമ ഒരു ചെറിയ സെലിബ്രിറ്റിയല്ല. തെറ്റിദ്ധാരണ കാരണമാണ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ആരോ അദ്ദേഹത്തിന് തെറ്റായ വിവരങ്ങൾ നൽകിയതാകാം. ഗുൽസാർ സാഹബ് ആണ് ജയ് ഹോ പാട്ടിന് വരികൾ കുറിച്ചത്. റഹ്മാന് വരികൾ ഏറെ ഇഷ്ടപ്പെട്ടു. മുംബൈ ജുഹുവിലെ എന്റെ സ്റ്റുഡിയോയിൽ വെച്ചാണ് അതിന്റെ കമ്പോസിങ് നടത്തിയത്. തുടർന്ന് അദ്ദേഹമത് സംവിധായകൻ സുഭാഷ് ഘായ്‌ക്കു കേൾപ്പിച്ചുകൊടുത്തു. അതിനു ശേഷമാണ് ഞാൻ ആലപിച്ചത്. സുഭാഷ്ജിക്ക് പാട്ട് ഏറെ ഇഷ്ടപ്പെട്ടു. എന്നാൽ യുവരാജ് എന്ന ചിത്രത്തിന്റെ കഥയുമായി യോജിക്കുന്നില്ലാത്തതിനാൽ അദ്ദേഹത്തിന് ആ പാട്ട് സിനിമയിൽ നിന്നും ഒഴിവാക്കേണ്ടി വന്നു’, സുഖ്‌വിന്ദർ സിങ് പറഞ്ഞു.

കുറച്ചുദിവസങ്ങൾക്കു മുൻപാണ് ‘ജയ് ഹോ’ പാട്ടിന്റെ സൃഷ്ടിയെക്കുറിച്ചു രാം ഗോപാൽ വർമ ആരോപണമുന്നയിച്ചത്. സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുഭാഷ് ഗായ് സംവിധാനം ചെയ്ത യുവരാജ് എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ പാട്ടാണ് ജയ് ഹോ എന്ന രാംഗോപാല്‍ വര്‍മ പറഞ്ഞു. 2008 ലാണ് യുവരാജ് പ്രദര്‍ശനത്തിനെത്തിയത്. ഗാനം ചിട്ടപ്പെടുത്താന്‍ സുഖ്വീന്ദര്‍ സിംഗിനെ റഹ്‌മാന്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു.

റഹ്‌മാനുമായി സുഖ്‌വീന്ദര്‍ സിങ്ങിന് ദീര്‍ഘനാളത്തെ അടുപ്പമുണ്ട്. മാത്രവുമല്ല റഹ്‌മാന്റെ ഒരുപാട് ഗാനങ്ങള്‍ സുഖ്‌വീന്ദര്‍ സിങ് ആലപിച്ചിട്ടുണ്ട്. റഹ്‌മാന്‍ ആവശ്യപ്പെട്ട പ്രകാരമാണ് അദ്ദേഹം ജയ് ഹോ ഈണം സൃഷ്ടിച്ചത്. എന്നാല്‍ ഈ ഗാനം യുവരാജ് എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിര്‍മാതാവ് തീരുമാനിച്ചു. അങ്ങനെ ചിത്രത്തില്‍ നിന്നും പാട്ട് ഒഴിവാക്കുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിനു വേണ്ടി റഹ്‌മാന്‍ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു.

എന്നാല്‍ പിന്നീടൊരിക്കല്‍ സുഖ്വിന്ദര്‍ ചിട്ടപ്പെടുത്തിയ ഈണമാണ് തനിക്കു നല്‍കിയതെന്നറിഞ്ഞപ്പോള്‍ സുഭാഷ് ഗായ് ദേഷ്യപ്പെട്ടു. തന്നില്‍ നിന്നും കോടികള്‍ പ്രതിഫലം വാങ്ങിയ ശേഷം എന്ത് ധൈര്യത്തിലാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നു ചോദിച്ചു. എന്നാല്‍ സുഭാഷ് ഗായിക്ക് റഹ്‌മാന്‍ മികച്ച ഒരുമറുപടിയാണ് നല്‍കിയത്.

”സര്‍, നിങ്ങള്‍ എന്റെ പേരിനാണ് താങ്കള്‍ പണം നല്‍കുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാള്‍ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാന്‍ പറഞ്ഞാല്‍ അത് എന്റെ പേരില്‍ തന്നെയാകും. താല്‍ എന്ന താങ്കളുടെ സിനിമയിലെ ഗാനങ്ങള്‍ എവിടെ നിന്നാണ് ഞാനെടുത്തതെന്ന് താങ്കള്‍ക്ക് പറയാനാകുമോ. എന്റെ ഡ്രൈവറിനു പോലും ചിലപ്പോള്‍ സംഗീതം സൃഷ്ടിക്കാനാകും. അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും. അത് എന്റെ പേരില്‍ വന്നാല്‍ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും” എന്നായിരുന്നു റഹ്‌മാന്റെ പ്രതികരണം. ജീവിതത്തില്‍ ഇത്രയും മനോഹരമായ ഒരു മറുപടി താന്‍ കേട്ടിട്ടില്ലെന്ന് രാംഗോപാല്‍ വര്‍മ കൂട്ടിച്ചേര്‍ത്തു.

രാം ഗോപാൽ വർമയുടെ വാക്കുകൾ ചർച്ചയായതിന് പിന്നാലെയാണ് സുഖ്‌വിന്ദർ സിങ് വിശദീകരണവുമായി എത്തിയത്. സംഭവത്തിൽ എ.ആർ.റഹ്മാൻ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

2008 ലാണ് ആദ്യമായി സ്ലംഡോഗ് മില്യണയര്‍ റിലീസ് ചെയ്തത്. ഡാനി ബോയ്‌ലാണ് ചിത്രത്തിന്റെ സംവിധായകന്‍. 2009 ല്‍ ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്തു. ഗുല്‍സാര്‍, തന്‍വി എന്നിവര്‍ ചേര്‍ന്നായിരുന്നു ഗാനരചന. എ.ആര്‍.റഹ്‌മാന്‍, സുഖ്വിന്ദര്‍ സിങ്, തന്‍വി, മഹാലക്ഷ്മി അയ്യര്‍, വിജയ് പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചു.

പത്ത് വിഭാഗങ്ങളിലാണ് ഓസ്‌കറില്‍ സ്ലംഡോഗ് മില്യണയര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. മികച്ച സിനിമ, സംവിധാനം തുടങ്ങി എട്ട് വിഭാഗങ്ങളില്‍ ചിത്രം പുരസ്‌കാരം നേടി. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ റഹ്‌മാനും ഗാനരചയിതാവ് ഗുല്‍സാറും പുരസ്‌കാരം നേടി. മികച്ച സൗണ്ട് മിക്‌സിങ്ങിന് റസൂല്‍ പൂക്കുട്ടിയും പുരസ്‌കാരം സ്വന്തമാക്കി.