വിരാട് കോലി, Photo: AFP,AP
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ പുറത്തായതിന് പിന്നാലെ രോഷപ്രകടനവുമായി ആര്‍.സി.ബി യുടെ സൂപ്പര്‍താരം വിരാട് കോലി. പന്ത് നോ ബോളാണെന്ന് വാദിച്ചാണ് കോലി രംഗത്തെത്തിയത്. റിവ്യൂ കൊടുത്തെങ്കിലും ഫലമുണ്ടായില്ല. അമ്പയറോടും കയര്‍ത്താണ് കോലി മൈതാനം വിട്ടത്.
മത്സരത്തിന്റെ മൂന്നാം ഓവറിലാണ് സംഭവം. ഓവറിലെ ആദ്യ പന്തില്‍ തന്നെ കോലി പുറത്തായി. പന്തെറിഞ്ഞ ഹര്‍ഷിത് റാണതന്നെ ക്യാച്ചെടുത്ത് കോലിയെ പുറത്താക്കുകയായിരുന്നു. റാണയുടെ ഫുള്‍ ടോസ് ബോള്‍ കോലിയുടെ ബാറ്റില്‍ തട്ടി മുകളിലേക്കുയര്‍ന്നു. പന്ത് അനായാസം കൈപ്പിടിയിലാക്കുകയും ചെയ്തു. എന്നാല്‍, പന്ത് അരയ്ക്ക് മുകളിലാണ് വന്നതെന്നും അത് നോ ബോളാണെന്നും വാദിച്ച കോലി ഉടനെ റിവ്യൂ നല്‍കി.
റിവ്യൂവില്‍ കോലി ക്രീസിന് പുറത്താണെന്നും പന്ത് നോ ബോളല്ലെന്നും അമ്പയര്‍മാര്‍ കണ്ടെത്തിയതോടെ കോലി പുറത്തേക്ക് നടന്നു. എന്നാല്‍, തിരികെ വന്ന് കോലി അമ്പയര്‍മാരോട് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ഏഴ് പന്തില്‍ നിന്ന് 18-റണ്‍സെടുത്താണ് കോലി മടങ്ങിയത്. ബെംഗളൂരുവിന് വെടിക്കെട്ട് തുടക്കം സമ്മാനിച്ച കോലി ഒരു ഫോറും രണ്ട് സിക്‌സുമടിച്ചു.
