കെ. മുരളീധരൻ, സുരേഷ് ഗോപി
തൃശൂർ: തൃശ്ശൂർപൂരം കേന്ദ്രവും സംസ്ഥാനവും ചേർന്ന് കുളമാക്കിയെന്ന് തൃശൂർ യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ. കുടമാറ്റംവരെ ഭംഗിയായി നടന്ന തൃശൂർ പൂരം പോലീസിന്റെ ധിക്കാരപരമായ സമീപനത്തെത്തുടർന്നാണ് നിർത്തിവെക്കേണ്ടിവന്നതെന്ന് മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരം കുടമാറ്റംവരെ ഭംഗിയായി നടന്ന തൃശൂർപൂരം രാത്രിയാണ് പോലീസിന്റെ ധിക്കാരപരമായ സമീപനത്തെത്തുടർന്ന് നിർത്തിവെക്കേണ്ടിവന്നത്. പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ട് നടന്നത് രാവിലെ ഏഴ് മണിയോടെയാണ്. സാധാരണ വെടിക്കെട്ടിനുണ്ടാകേണ്ട യാതൊരു പൊലിമയും ഉണ്ടായില്ലെന്നും മുരളീധരൻ പറഞ്ഞു.
പോലീസിന്റേത് ഏകാധിപത്യ പ്രവണതയാണ്. പോലീസിനെ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേ? എന്തുകൊണ്ട് സർക്കാർ ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയില്ല. ചുമതലയിൽ ഉണ്ടായിരുന്ന മന്ത്രി എന്തുകൊണ്ട് രാത്രിതന്നെ പ്രശ്നം പരിഹരിച്ചില്ല? പതിനൊന്ന് മണിക്ക് തുടങ്ങിയ അനിശ്ചിതത്വം പരിഹരിച്ചത് കാലത്ത് ആറ് മണിക്കാണ്. ഇത്രയും സമയം മന്ത്രി എന്ത് ചെയ്തു? സർക്കാർ എന്ത് നിലപാടെടുത്തു? പൂരത്തിന്റെ തുടക്കം മുതൽ എങ്ങനെ ഇല്ലാതാക്കാം എന്ന ശ്രമമാണ് നടന്നത്, കെ മുരളീധരൻ ആരോപിച്ചു.
കേന്ദ്രത്തിനും ഇതിന് പങ്കുണ്ടെന്ന് മുരളീധരൻ പറഞ്ഞു. ഓരോ കാലങ്ങളിലും കൊണ്ടുവരുന്ന ഓരോ നിയമങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണം. അതിനൊപ്പം സംസ്ഥാനവും ചേർന്നു. രണ്ടുംകൂടി ചേർന്നപ്പോൾ നല്ലൊരു ദേശീയോത്സവം ഏതാണ്ട് കുളമാക്കി. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
തൃശ്ശൂർ പൂരത്തിൽ പോലീസിനെ ഇടപെടുവിച്ചത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. വോട്ട് മറിച്ചുനല്‍കാനുള്ള നീക്കമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് സ്‌പേസ് ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
വെടിക്കെട്ട് വൈകിയത് വേദനിപ്പിച്ചെന്നും ശബരിമല പോലെ ഒരു ഓപ്പറേഷനാണോ തൃശ്ശൂരിൽ നടന്നതെന്നന്ന് സംശയിക്കുന്നെന്നും എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു. വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥയാണോ ഇതെന്ന് സംശയമുണ്ട്. ഒരു പ്രശ്നം ഉണ്ടാക്കിയിട്ട് അവർതന്നെ പരിഹാരം ഉണ്ടാക്കിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. മുതലെടുക്കാന്‍ ശ്രമിച്ചത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
പോലീസിന്‍റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നും പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടെന്നും എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ പറഞ്ഞു. പോലീസിന്റെ കാര്‍ക്കശ്യമാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. മാറിമാറിവരുന്ന ഉദ്യോഗസ്ഥര്‍ക്ക് പൂരത്തിന്റെ ആത്മാവ് മനസ്സിലാകാത്ത പ്രശ്‌നമുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.
പൂരം തകർക്കാനുള്ള ഗൂഢ ശക്തികളുടെ നീക്കം നടക്കുന്നുണ്ടെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ ആരോപിച്ചു.
