തൃശ്ശൂർ പൂരത്തിന് തുടക്കംകുറിച്ച് നെയ്തലക്കാവ് ഭഗവതി എറണാകുളം ശിവകുമാറിന്റെ പുറത്തേറി വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരനട തുറന്ന് പുറത്തുവരുന്നു
ഇതൊന്ന് നിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട്‌പേര്‍ ഇവിടെയുണ്ടെന്നും ഇക്കാര്യം ദൗര്‍ഭാഗ്യകരമാണെന്നും സുന്ദര്‍മേനോന്‍ പറഞ്ഞു
ഒരുഭാഗത്ത് തൃശ്ശൂരുകാരുടെ പ്രിയപ്പെട്ട തൃശ്ശൂര്‍ പൂരം. മറുഭാഗത്ത് മീനച്ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് പൂരം. തൃശ്ശൂരിന് ഇത്തവണ ഇരട്ടപ്പൂരത്തിന്റെ ആവേശമായിരുന്നു. ജനസാഗരങ്ങള്‍ ഒഴുകിയെത്തി പകല്‍മുഴുവന്‍ മേളാവേശത്തിലായി. പക്ഷെ, അതിന്റെ മാറ്റുകെടുത്തിക്കൊണ്ടുള്ള പോലീസ് നിയന്ത്രണങ്ങളില്‍ തുടങ്ങിയിരുന്നു തര്‍ക്കങ്ങളും പരിഭവങ്ങളും.
പോലീസ് തന്നെ നല്‍കിയ തിരിച്ചറിയില്‍ കാര്‍ഡുള്ളവര്‍ പോലും അവരുടെതന്നെ കാര്‍ക്കശ്യമറിഞ്ഞു. ഒടുവില്‍ ചരിത്രത്തിലദ്യമായി രാത്രി നടക്കേണ്ട പൂരം ശനിയാഴ്ച രാവിലെ 7.15- ന് പകല്‍വെളിച്ചത്തില്‍ നടത്തേണ്ടിയും വന്നു. ഇത് പൂരത്തിന്റെ മൊത്തം സൗന്ദര്യത്തെയാണ് അവസാന നിമിഷം ചോര്‍ത്തിക്കളഞ്ഞത്. പൂരവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങളുയര്‍ന്നതോടെ ചരിത്രപ്രസിദ്ധമായ പൂരത്തിന് പാരവെക്കാന്‍ മനഃപൂര്‍വം ചിലര്‍ ശ്രമിച്ചതാണ് നിര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് ദേവസ്വം പ്രസിസഡന്റിന് പോലും പറയേണ്ടിവന്നു. സമൂഹമാധ്യമങ്ങളിലടക്കം തുടര്‍ ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.
വടംകെട്ടിയും ഇക്കാലമത്രയും ഇല്ലാത്ത കടുത്ത നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ നടപ്പിലാക്കിയുമുള്ള പോലീസിന്‍റെ കാർക്കശ്യമായിരുന്നു വെള്ളിയാഴ്ച രാവിലെ മുതല്‍ തൃശ്ശൂര്‍ കണ്ടത്. അത് കുടമാറ്റവും കഴിഞ്ഞ് വെടിക്കെട്ടിന്റെ അവസാന നിമിഷംവരെ നീണ്ടുനില്‍ക്കുകയും ചെയ്തു. അമിട്ടുകളില്‍ മരുന്നു നിറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് തര്‍ക്കവുമായി വന്നതോടെയാണ് വെടിക്കെട്ട് നിര്‍ത്തിവെക്കുന്ന സാഹചര്യമുണ്ടായത്. പാറേമക്കാവ് ദേവസ്വം വെടിക്കെട്ടിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം തിരുവമ്പാടി ദേവസ്വം ഒരുക്കങ്ങള്‍ തുടങ്ങുമ്പോഴാണ് പോലീസ് തര്‍ക്കത്തിനെത്തിയത്.
വെടിമരുന്ന് നിറക്കുന്നയിടത്തേക്ക് ഒന്നോ രണ്ടോ പ്രത്യേക ജീവനക്കാരല്ലാതെ മാറ്റാരും പോകരുതെന്ന നിലപാടെടുക്കുകയായിരുന്നു പോലീസ്. സാധാരണ ദേവസ്വം ജീവനക്കാരും മറ്റും പോകാറുണ്ടെങ്കിലും അങ്ങനെ വേണ്ടെന്ന് കമ്മിഷണര്‍ അങ്കിത് അശോക് അടക്കമുള്ളവര്‍ നിലപാടെടുത്തു. ഇത് രാവിലെ മുതലുള്ള തര്‍ക്കത്തെ ആളിക്കത്തിക്കുന്നത് കൂടിയായി. ഇതോടെയാണ് തങ്ങള്‍ പൂരം നടത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് കാഴ്ചപന്തലുകളിലെ ലൈറ്റുകള്‍ തിരുവമ്പാടി ദേവസ്വം ഓഫാക്കിയത്. എന്നാല്‍, അപ്പോഴേക്കും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ പാറേമാക്കാവാകട്ടെ വെടിക്കെട്ട് നടത്തുമെന്ന് വ്യക്തമാക്കി. ഒടുവില്‍ മന്ത്രി കെ.രാജനടക്കമുള്ളവരും കളക്ടറുമെത്തി ചര്‍ച്ചചെയ്ത് വിഷയത്തിൽ ധാരണയിലെത്തിയെങ്കിലും വെടിക്കെട്ട് നടന്നപ്പോൾ സമയം രാവിലെ 7.15 ആയി.
ഇതിനിടെ രാഷ്ട്രീയ വിവാദങ്ങളും രൂപംകൊണ്ടു. തൃശ്ശൂര്‍ പൂരത്തിന്റെ കുടമാറ്റത്തില്‍ രാംലല്ല, വില്ലുകുലച്ച ശ്രീരാമന്‍ എന്നിവയെല്ലാമായിരുന്നു ഇത്തവണത്തെ ഇരു ദേവസ്വങ്ങളുടേയും പ്രത്യേകത. ഇതുകഴിഞ്ഞതുമുതല്‍ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായി. ഇത്തരം കുടകള്‍ ബി.ജെ.പിക്ക് വോട്ടുനേടിക്കൊടുക്കാനായുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണെന്നുവരെ ആരോപണങ്ങളുയര്‍ന്നു. അതിനിടെ പൂരംകൂടി മുടങ്ങിയതോടെ ഇത് മനഃപൂര്‍വമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗവും രംഗത്തുവന്നു. ശബരിമല മുതല്‍ തൃശ്ശൂര്‍പൂരംവരെ വോട്ടിങ് സമയത്ത് ഓര്‍മവേണമെന്ന തരത്തിലാണ് പ്രചാരണം കൊഴുക്കുന്നത്.

വെള്ളിയാഴ്ച നടന്ന കുടമാറ്റത്തില്‍നിന്ന്
പൂരം അട്ടിമറിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചുവെന്നാണ് തൃശ്ശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ ആരോപിച്ചത്. പൂരം എക്‌സിബിഷന്‍ മുതല്‍ അട്ടിമറി ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് പൂരം കുളമാക്കിയെന്നും മുരളി ആരോപിച്ചു. പോലീസ് കാട്ടിയത് തോന്നിവാസമാണെന്നും ബ്രഹ്‌മസ്വംമഠത്തില്‍ പോലീസ് സീന്‍ ഉണ്ടാക്കിയതിന് താന്‍ സാക്ഷിയാണെന്നും മുരളി പറഞ്ഞു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. സംഭവത്തില്‍ ഹിഡണ്‍ അജണ്ടയുണ്ട്, പൂരം അട്ടിമറിച്ച് ബി.ജെ.പിക്ക് വോട്ടുണ്ടാക്കാന്‍ ശ്രമിച്ചതാണോയെന്ന് സംശയമുണ്ടെന്നും മുരളി ആരോപിച്ചു.
പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ് സുനില്‍കുമാറും രംഗത്തെത്തി. പോലീസിന്റെ അനാവാശ്യ ഇടപെടലാണ് പ്രശ്‌നം വഷളാക്കിയതെന്നും പിന്നീട് പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നുമായിരുന്നു വി.എസ് സുനില്‍കുമാറിന്റെ പ്രതികരണം.
സുരക്ഷയ്ക്ക് തൃശ്ശൂരിന്റെ പൂരാവേശം അറിയാവുന്ന ഉദ്യോഗസ്ഥര്‍ ഇല്ലാതായതാണ് പ്രശ്‌നം വഷളാക്കിയതെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍ മേനോന്‍ ചൂണ്ടിക്കാട്ടി. അനാവശ്യ പിടിവാശി കാണിക്കേണ്ട ഇടമായിരുന്നില്ല പൂരനഗരി. പൂരം നടത്തിക്കൊണ്ടുപോകാൻപോലും കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും സുന്ദര്‍മേനോന്‍ പറയുന്നു. പൂരം നിന്നുകാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാടുപേര്‍ ഇവിടെയുണ്ടെന്നും ഇക്കാര്യം ദൗര്‍ഭാഗ്യകരമാണെന്നും സുന്ദര്‍മേനോന്‍ പറഞ്ഞു.
ദേവസ്വം പ്രസിഡന്റെന്ന തിരിച്ചറിയല്‍കാര്‍ഡുണ്ടായിട്ടും തനിക്കുപോലും മോശം അനുഭവമാണ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായതെന്നും സുന്ദര്‍മേനോന്‍ പ്രതികരിച്ചു. ഏതായാലും പൂരനഗരയിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ പടിവാതില്‍ക്കലെത്തിയിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഏത് തരത്തില്‍ സ്വാധീനിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
