Photo: AP

ലഖ്‌നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ അനായാസ ജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെയും ക്വിന്റണ്‍ ഡിക്കോക്കിന്റെയും അര്‍ധ സെഞ്ചുറി മികവില്‍ 19 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഓപ്പണിങ് വിക്കറ്റില്‍ രാഹുല്‍ – ഡിക്കോക്ക് സഖ്യം 134 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ ലഖ്‌നൗ കളി കൈയിലാക്കിയിരുന്നു. 53 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 82 റണ്‍സെടുത്ത രാഹുലാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 43 പന്തുകള്‍ നേരിട്ട ഡിക്കോക്ക് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്തു.

ഇരുവരും പുറത്തായ ശേഷം നിക്കോളസ് പുരനും (23), മാര്‍ക്കസ് സ്റ്റോയ്‌നിസും (8) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. 40 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 57 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

24 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത ഓപ്പണര്‍ അജിങ്ക്യ രഹാനെയും 20 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത മോയിന്‍ അലിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ എം.എസ് ധോനിയാണ് ചെന്നൈ സ്‌കോര്‍ 176-ല്‍ എത്തിച്ചത്. വെറും ഒമ്പത് പന്തുകള്‍ നേരിട്ട ധോനി രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 28 റണ്‍സോടെ പുറത്താകാതെ നിന്നു.

രചിന്‍ രവീന്ദ്ര (0), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് (17), ശിവം ദുബെ (3), സമീര്‍ റിസ്‌വി (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.