Photo: ANI

ന്യൂഡൽഹി: ഓപ്പണർമാരായ ട്രാവിസ്ഹെഡിന്റേയും അഭിഷേക് ശർമയുടേയും പ്രകടനമികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് കൂറ്റൻ സ്കോറിലേക്ക്. മത്സരം ഇരുപത് ഓവർ അവസാനിച്ചപ്പോൾ ഹൈദരാബാദ് 266 – 7 എന്ന നിലയിലാണ്.

ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസ് ടോസ് നേടിയെങ്കിലും ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം ആരംഭിച്ച് ആദ്യ ഓവറുകളിൽ തന്നെ സ്ഫോടനാത്മകമായ ബാറ്റിങ് കാഴ്ചവച്ച ഹെഡും അഭിഷേകും ചേർന്ന് ഹൈദരാബാദ് സ്കോർ അഞ്ചോവർ പിന്നിടുന്നതിന് മുമ്പ് 100 കടത്തി.

കുൽദീപ് യാദവ് എറിഞ്ഞ ഏഴാമത്തെ ഓവറിൽ അഭിഷേക് ശർമ പുറത്താകുന്നതോടെയാണ് ഹൈദരാബാദിന്റെ തേരോട്ടത്തിന് ഡൽഹി കടിഞ്ഞാണിടുന്നത്. തൊട്ടുപിന്നാലെ എയ്ഡന്‍ മാര്‍ക്രത്തെയും ഹെഡിനേയും കൂടെ കുൽദീപ് കൂടാരം കയറ്റിയതോടെ ക്യാപിറ്റൽസ് മത്സരത്തെ തിരിച്ചുപിടിച്ചു. എന്നാൽ അത് അതികം നീണ്ടില്ല.

12 പന്തുകളിൽ നിന്ന് 46 റൺസ് നേടിയാണ് അഭിഷേക് ശർമ പുറത്താകുന്നത്. ആറ് സിക്സറുകളും രണ്ട് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. ഈ സീസണിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ചുറി പൂർത്തിയാക്കിയതിന് ശേഷമാണ് ഹെഡ് കളം വിട്ടത്. 32 പന്തുകളിൽ നിന്നും 89 റൺസ് അടിച്ചെടുത്ത താരത്തിന് അർധ സെഞ്ചുറി പൂർത്തിയാക്കാൻ വേണ്ടിവന്നത് വെറും 16 പന്തുകളായിരുന്നു.

ഹെയ്ൻറിച് ക്ലാസെൻ 8 പന്തിൽ 15 റൺസും, നിതീഷ് കുമാർ റെഡ്‌ഡി 27 പന്തിൽ 37 റൺസും, ഷഹബാസ് അഹമ്മദ് പുറത്തകാതെ 29 പന്തിൽ 59 റൺസും, അബ്ദുൽ സമദ് 8 പന്തിൽ 13 റൺസും കൂട്ടിച്ചേർത്തു.

ഡൽഹിക്കുവേണ്ടി കുൽദീപ് യാദവ് 4 ഓവറിൽ 55 റൺസ് വഴങ്ങി 4 വിക്കറ്റ് നേടി. മുകേഷ് കുമാർ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.