കെ. സുധാകരൻ

കണ്ണൂര്‍: വടകരയിലെ എല്‍.ഡി.എഫ്‌ സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ സൈബർ അതിക്രമങ്ങൾ നടക്കുന്നുവെന്ന ആരോപണത്തിൽ പ്രതികരിച്ച് കെ. സുധാകരൻ. കെ.കെ. ശൈലജയ്ക്കെതിരെ അത്തരത്തിലുള്ള കമന്റുകൾ വന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അതിൽ ഒരു തര്‍ക്കവുമില്ല. എന്നാൽ, കമന്റുകൾ വന്നോ ഇല്ലയോ എന്നത് വിവാദത്തിലാണെന്നും സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് കേരളത്തിലെ മുഴുവൻ സീറ്റുകളും സ്വന്തമാക്കുമെന്ന് മനസ്സിലായതോടെയാണ് സി.പി.എം കള്ളവോട്ട് ചെയ്യാനുള്ള ശ്രമം തുടങ്ങിയതെന്ന് സുധാകരൻ ആരോപിച്ചു. അവർ കള്ളവോട്ട് ചെയ്യാന്‍ എന്തുപണിയും എടുക്കുന്നവരാണ്. താന്‍ കള്ളവോട്ടിനെതിരെ കോടതിയില്‍ പോയി ജയിച്ച് വന്നതാണ്. കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സി.പി.എമ്മിന് നിര്‍വാഹമില്ല. പ്രായമായവരുടെ വോട്ടവകാശം 100 ശതമാനം സുരക്ഷിതമാക്കാനാണ് ഇത്തരമൊരു നിയമം ഉണ്ടാക്കിയത്. അത് ചുളുവില്‍ അടിച്ചെടുക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. കിട്ടിയ ആനുകൂല്യം അവർ ദുരുപയോഗം ചെയ്യുകയാണ്, സുധാകരൻ ആരോപിച്ചു.

കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയ്ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. സി.പി.എമ്മിന് എന്തെങ്കിലും ചെയ്യാന്‍ പണിവേണ്ടേ? അവര്‍ക്ക് പഠിച്ച പണിയല്ലേ ചെയ്യാന്‍കഴിയൂ. നേര്‍വഴിക്ക് പോകാന്‍ കഴിയാതെയാകുമ്പോള്‍ ഇത്തരം പണി ഒപ്പിക്കും. അതിലൂടെയൊക്കെ എന്ത് കിട്ടും. രണ്ടോ അഞ്ചോ വോട്ട് കിട്ടും. ദൈവത്തിന് പോലും അവരെ രക്ഷിക്കാന്‍ കഴിയില്ല, സുധാകരൻ പറഞ്ഞു.