പ്രതീകാത്മക ചിത്രം | Photo: ANI
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ബൂത്തുകളിലായിരിക്കും വെബ്കാസ്റ്റിങ് ഒരുക്കുക.
പാനൂര്‍ ബോംബ് സ്‌ഫോടനം അടക്കമുള്ളവയുടെ പശ്ചാത്തലത്തില്‍ വടകരയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും വെബ്കാസ്റ്റിങ് സംവിധാനമൊരുക്കണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കെയാണ് വടകരയില്‍ മാത്രമല്ല, സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമുണ്ടായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.
ഇതിനുപുറമെ ആറ്റിങ്ങലിലെ ഇരട്ടവോട്ട് സംബന്ധിച്ച് അടൂര്‍ പ്രകാശിന്റെ പരാതിയും കോടതി പരിഗണിച്ചു. മണ്ഡലത്തില്‍ 1,72,000-ല്‍ അധികം ഇരട്ടവോട്ടുണ്ടെന്നായിരുന്നു അടൂര്‍പ്രകാശിന്റെ ആരോപണം. ഇതില്‍ വിശദമായി ബൂത്തുതലത്തില്‍തന്നെ പരിശോധന നടത്തിയെന്നും 439 ഇരട്ട വോട്ടുകള്‍ നീക്കം ചെയ്‌തെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
മണ്ഡലത്തില്‍ 13.96 ലക്ഷം വോട്ടര്‍മാരാണുള്ളത്. അത് മൊത്തം പരിശോധിച്ചതില്‍നിന്ന് 3431 ഡബിള്‍ എന്‍ട്രി കണ്ടെത്തിയെന്നും അത് കഴിഞ്ഞ നാലാം തീയതിതന്നെ നീക്കംചെയ്‌തെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
