Photo: AFP

ചണ്ഡിഗഢ്: ഐപിഎല്ലിന്റെ 16-ാം ജന്മദിനത്തില്‍ അപൂര്‍വ റെക്കോഡിനുടമയായി മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം എം.എസ് ധോനിക്ക് ശേഷം 250 ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് രോഹിത്തിന് സ്വന്തമായത്. വ്യാഴാഴ്ച പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ രോഹിത് ഈ നേട്ടത്തിലെത്തി.

മാത്രമല്ല ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറിയും ഹാട്രിക്ക് വിക്കറ്റും നേടിയ അപൂര്‍വ കളിക്കാരില്‍ ഒരാള്‍ കൂടിയാണ് രോഹിത്. ഷെയ്ന്‍ വാട്ട്‌സണും സുനില്‍ നരെയ്‌നുമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.

നിലവില്‍ ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചവരില്‍ ധോനിക്കു പിന്നില്‍ രണ്ടാം സ്ഥാനത്തും രോഹിത്താണ്. 249 മത്സരങ്ങള്‍ കളിച്ച ദിനേഷ് കാര്‍ത്തിക്ക് തൊട്ടുപിന്നാലെയുണ്ട്. 244 മത്സരങ്ങളുമായി വിരാട് കോലി നാലാം സ്ഥാനത്തുണ്ട്. ഇതുവരെ 10 കളിക്കാര്‍ മാത്രമാണ് ഐപിഎല്ലില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇവരെല്ലാം തന്നെ ഇന്ത്യന്‍ താരങ്ങളുമാണ്.

189 മത്സരങ്ങള്‍ കളിച്ച കിറോണ്‍ പൊള്ളാര്‍ഡാണ് ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച വിദേശ താരം. 184 മത്സരങ്ങളുമായി എ ബി ഡിവില്ലിയേഴ്‌സാണ് രണ്ടാമത്.