Photo: twitter.com/IPL
ചണ്ഡിഗഢ്: ഐപിഎല്ലിന്റെ പിറന്നാള്‍ ദിനത്തില്‍ തകര്‍പ്പന്‍ പോരാട്ടവീര്യം കാഴ്ചവെച്ച് പഞ്ചാബ് കിങ്‌സ്. മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ നാലിന് 14 റണ്‍സെന്ന നിലയില്‍ തകര്‍ന്ന പഞ്ചാബിനായി അശുതോഷ് ശര്‍മ, ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ പുറത്തെടുത്ത പോരാട്ടവീര്യം മത്സരത്തെ ആവേശകരമാക്കി. പക്ഷേ ലക്ഷ്യത്തിന് ഒമ്പത് റണ്‍സകലെ വീഴാനായിരുന്നു പഞ്ചാബിന്റെ വിധി. 19.1 ഓവറില്‍ 183 റണ്‍സിന് പഞ്ചാബ് ബാറ്റുവെച്ച് കീഴടങ്ങി.
തോറ്റെന്നു കരുതിയ മത്സരത്തെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ആവേശകരമാക്കിയ അശുതോഷും ശശാങ്കും തന്നെയാണ് താരങ്ങള്‍. 28 പന്തുകള്‍ മാത്രം നേരിട്ട് ഏഴ് സിക്‌സും രണ്ട് ഫോറുമടക്കം 61 റണ്‍സെടുത്ത അശുതോഷാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. താരം ക്രീസിലുണ്ടായിരുന്നു. ഓരോ നിമിഷവും മുംബൈയുടെ നെഞ്ചില്‍ തീയായിരുന്നു. ശശാങ്ക് 25 പന്തില്‍ നിന്ന് 41 റണ്‍സും സ്വന്തമാക്കി.
193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. മൂന്ന് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് പ്രഭ്‌സിമ്രാന്‍ സിങ് (0), റൈലി റോസ്സു (1), ക്യാപ്റ്റന്‍ സാം കറന്‍ (6), ലിയാം ലിവിങ്‌സ്റ്റണ്‍ (1) എന്നിവര്‍ ഡഗ്ഔട്ടില്‍ തിരിച്ചെത്തുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ ബോര്‍ഡിലുള്ളത് വെറും 14 റണ്‍സ് മാത്രം. തുടര്‍ന്ന് 13 റണ്‍സെടുത്ത ഹര്‍പ്രീത് സിങ്ങിനെ കൂട്ടുപിടിച്ച് ശശാങ്ക് സിങ് സ്‌കോര്‍ 49-ല്‍ എത്തിച്ചു. പിന്നാലെ ഹര്‍പ്രീതിനെ മടക്കി ശ്രേയസ് ഗോപാലിന്റെ തിരിച്ചടി.
പിന്നാലെ ഒമ്പത് റണ്‍സുമായി ജിതേഷ് ശര്‍മയും പുറത്തായതോടെ എതിര്‍ ടീമുകളുടെ നെഞ്ചിടിപ്പേറ്റുന്ന ശശാങ്ക് സിങ് – അശുതോഷ് ശര്‍മ കൂട്ടുകെട്ടിന്റെ പിറവിയായി. 17 പന്തില്‍ നിന്ന് 34 റണ്‍സ് കൂട്ടിച്ചേര്‍ത്ത് അപകടകരമായേക്കാമായിരുന്ന ഈ കൂട്ടുകെട്ട് പൊളിച്ച് ബുംറ മുംബൈക്ക് പ്രതീക്ഷ നല്‍കിയിരുന്നു. 25 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 41 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്ന ശശാങ്കിനെ ഒരു സ്ലോ ബോളില്‍ കബളിപ്പിക്കുകയായിരുന്നു ബുംറ.
എന്നാല്‍ അപകടമൊഴിവായെന്ന് കരുതിയ മുംബൈയുടെ നെഞ്ചില്‍ തീകോരിയിട്ട് ബ്രാറിനെ കൂട്ടുപിടിച്ച് അഷുതോഷ് കത്തിക്കയറി. ആകാശ് മധ്‌വാള്‍ എറിഞ്ഞ 16-ാം ഓവറില്‍ 24 റണ്‍സ് പിറന്നതോടെ കളിതിരിഞ്ഞു. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്, ബുംറയെ കൊണ്ടുവന്നെങ്കിലും ഇരുവരും വിക്കറ്റ് നഷ്ടമാകാതെ കാത്തു. പക്ഷേ 18-ാം ഓവറിലെ ആദ്യ പന്തില്‍ അശുതോഷിനെ മടക്കിയ കോട്ട്‌സിയ കളി വീണ്ടും മുംബൈയുടെ വരുതിയിലാക്കി. ഹര്‍പ്രീതിനൊപ്പം 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു ആ മടക്കം. തൊട്ടടുത്ത ഓവറില്‍ 20 പന്തില്‍ നിന്ന് 21 റണ്‍സുമായി ഹര്‍പ്രീതും പുറത്തായതോടെ പഞ്ചാബിന്റെ പ്രതീക്ഷയറ്റു. എന്നാല്‍ ഹാര്‍ദിക് എറിഞ്ഞ ആ ഓവറിലെ അഞ്ചാം പന്ത് സിക്‌സറിന് തൂക്കി കാഗിസോ റബാദ പ്രതീക്ഷയുടെ ഇത്തിരിവെട്ടമേകി. പക്ഷേ അവസാന ഓവറില്‍ റബാദ റണ്ണൗട്ടായതോടെ പഞ്ചാബിന്റെ പോരാട്ടവീര്യം അവസാനിച്ചു.
മുംബൈക്കായി ബുംറയും കോട്ട്‌സിയയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട മുംബൈ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തിരുന്നു.
53 പന്തില്‍ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 78 റണ്‍സെടുത്ത സൂര്യകുമാറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മൂന്നാം ഓവറില്‍ തന്നെ ഇഷാന്‍ കിഷനെ (8) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മ – സൂര്യകുമാര്‍ യാദവ് സഖ്യം സ്‌കോര്‍ മുന്നോട്ടുനയിച്ചു. നിലയുറപ്പിച്ച ശേഷം ഇരുവരും തകര്‍ത്തടിച്ചു. 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ട് ഒടുവില്‍ 12-ാം ഓവറില്‍ രോഹിത്തിനെ മടക്കി സാം കറനാണ് പൊളിച്ചത്. 25 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 36 റണ്‍സെടുത്തായിരുന്നു ഹിറ്റ്മാന്റെ മടക്കം.
പിന്നാലെ മൂന്നാം വിക്കറ്റില്‍ തിലക് വര്‍മയെ കൂട്ടുപിടിച്ച് സൂര്യ 49 റണ്‍സ് ചേര്‍ത്തു. 17-ാം ഓവറില്‍ സൂര്യയെ പുറത്താക്കി കറന്‍ തന്നെയാണ് ഈ കൂട്ടുകെട്ടും തകര്‍ത്തത്. തിലക് 18 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 34 റണ്‍സോടെ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (10), ടിം ഡേവിഡ് (14), മുഹമ്മദ് നബി (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും സാം കറന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
