ഫോർഡ് ടെറിട്ടറി | Photo: Ford

ഇന്ത്യയില്‍ മഹീന്ദ്ര എക്‌സ്.യു.വി.700, ടാറ്റ സഫാരി തുടങ്ങിയ വാഹനങ്ങള്‍ ആധിപത്യം വഹിക്കുന്ന എസ്.യു.വി. ശ്രേണിയിലായിരിക്കും ടെറിട്ടറി മത്സരത്തിനിറങ്ങുന്നത്

ഒരിക്കല്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരാജയത്തിന്റെ കയ്പറിഞ്ഞ കമ്പനിയാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്ന ഫോര്‍ഡ് 2021-ല്‍ വിപണിയോട് വിടപറയുകയായിരുന്നു. ഈ വിടപറയല്‍ താത്കാലികം മാത്രമായിരുന്നു. ഇന്ത്യയിലെ വാഹന ട്രെന്റിനേയും ഉപയോക്താക്കളുടെ ആവശ്യവും തിരിച്ചറിഞ്ഞ് കൂടുതല്‍ കരുത്തോടെ തിരിച്ചെത്താനുള്ള ഒരുക്കമാണ് ഫോര്‍ഡ് നടത്തുന്നത്.

ഫോര്‍ഡിന്റെ പ്രീമിയം എസ്.യു.വി. മോഡലായ എന്‍ഡവര്‍ തിരിച്ചെത്തിക്കുമെന്ന് ഏറെകുറെ ഉറപ്പായതിന് പിന്നാലെയാണ് എസ്.യു.വി. പ്രേമികളെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി എത്തുന്നത്. ഫോര്‍ഡ് പല വിദേശ രാജ്യങ്ങളിലും എത്തിച്ചിട്ടുള്ള ഫോര്‍ഡ് ടെറിട്ടറി എസ്.യു.വിയും ഇന്ത്യയിലും എത്തിച്ചേക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി ഫോര്‍ഡ് ടെറിട്ടറി എന്ന പേരിന് ഇന്ത്യയില്‍ പകര്‍പ്പവകാശം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2025-ഓടെ തന്നെ ഈ എസ്.യു.വി. വാഹനം ഇന്ത്യയില്‍ എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ മഹീന്ദ്ര എക്‌സ്.യു.വി.700, ടാറ്റ സഫാരി തുടങ്ങിയ വാഹനങ്ങള്‍ ആധിപത്യം വഹിക്കുന്ന എസ്.യു.വി. ശ്രേണിയിലായിരിക്കും ടെറിട്ടറി മത്സരത്തിനിറങ്ങുന്നത്. ചൈന, വിയറ്റ്‌നാം, സൗത്ത് ആഫ്രിക്ക, മെക്‌സികോ തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിനോടകം തന്നെ ടെറിട്ടറി എസ്.യു.വി. വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. മറ്റ് ചില രാജ്യങ്ങളില്‍ ഇക്വേറ്റര്‍ എന്ന പേരിലാണ് ടെറിട്ടറി എത്തുന്നത്.

ക്ലാസിക് ലുക്കിലുള്ള എസ്.യു.വി. എന്ന വിശേഷണം ഏറെ ഇണങ്ങുന്ന മോഡലാണ് ടെറിട്ടറി. ഹണി കോംമ്പ് ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന ഗ്രില്ല്, സി ഷേപ്പ് എന്‍.ഇ.ഡി. ഡി.ആര്‍.എല്‍, ബമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ് എന്നിവ മുഖത്തിനും ഡോറില്‍ നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിററും ഫൈവ് സ്‌പോക്ക് അലോയി വീലുമാണ് വശങ്ങളുടെ അഴക്. സിംപിളായാണ് പിന്‍ഭാഗം തീര്‍ത്തിരിക്കുന്നത്. എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റും ക്ലാഡിങ്ങ് നല്‍കിയ ബമ്പറുമാണ് പിന്‍ഭാഗത്തുള്ളത്.

ചിട്ടയായ ഡിസൈനിനൊപ്പം മികച്ച ഫീച്ചറുകളും നല്‍കിയാണ് ടെറിട്ടറി വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. 12.3 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് കണക്ടഡ് സ്‌ക്രീനുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലും ഡ്രൈവിങ്ങ് മോഡുകളും ഗിയര്‍ ഷിഫ്റ്ററും നോബുകളിലാണ് ഒരുക്കിയിട്ടുള്ളത്. ലെതറില്‍ പൊതിഞ്ഞ സീറ്റുകളും ചേരുന്നതോടെ ഇന്റീരിയറിന് പ്രീമിയം ഭാവം കൈവരുന്നു. 4600 എം.എം. നീളവും 2700 എം.എം. വീല്‍ബേസിലുമാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്.

മെക്കാനിക്കല്‍ ഫീച്ചറുകളിലും ഇന്ത്യയിലെ ഏതിരാളികള്‍ ആകുന്ന വാഹനങ്ങളോട് ഏറ്റുമുട്ടാന്‍ ടെറിട്ടറിക്ക് ആകും. 1.8 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലാണ് ടെറിട്ടറി വിദേശ രാജ്യങ്ങളില്‍ ഇറക്കിയിരിക്കുന്നത്. 185 ബി.എച്ച്.പി. പവറും 318 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഗിയര്‍ ബോക്‌സായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ഈ വാഹനത്തിന്റെ ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പും എത്തുന്നുണ്ട്.