Photo: AFP
ബെയ്ജിങ്: ജപ്പാന്റെ മുന്‍ ലോക ലോകചാമ്പ്യന്‍ കെന്റോ മൊമോട്ട വിരമിക്കല്‍ പ്രഖ്യാപിച്ചു. മാനസികമായും ശാരീരികമായും നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 29-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഏപ്രില്‍ 27 മുതല്‍ ചൈനയിലെ ചെങ്ഡുവില്‍ നടക്കാനിരിക്കുന്ന തോമസ് ആന്‍ഡ് യൂബര്‍ കപ്പിന് ശേഷം വിരമിക്കുമെന്നാണ് താരം വ്യാഴാഴ്ച അറിയിച്ചത്.
2020-ല്‍ സംഭവിച്ച മാരകമായ അപകടത്തിനു ശേഷം മുമ്പ് കളിച്ചിരുന്ന നിലവാരത്തിലേക്ക് തിരിച്ചുവരാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് താരം പറഞ്ഞു. 2020 ജനുവരി 13-ന് മലേഷ്യന്‍ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലെ വിജയത്തിനു ശേഷം ക്വലാലംപുര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മൊമോട്ട സഞ്ചരിച്ചിരുന്ന വാന്‍ ഒരു ട്രക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ മരിച്ചിരുന്നു. താരത്തിന്റെ മൂക്കിനും താടിയെല്ലിനും കാര്യമായ ക്ഷതവും സംഭവിച്ചിരുന്നു.
2018, 2019 വര്‍ഷങ്ങളില്‍ ലോക ചാനപ്യന്‍ഷിപ്പ് നേടിയ താരം, 2019-ല്‍ മാത്രം നേടിയത് 11 കിരീടങ്ങളായിരുന്നു. പിന്നീടായിരുന്നു കരിയര്‍ തന്നെ ഉലച്ചുകളഞ്ഞ അപകടം. അതിനു ശേഷം താന്‍ ആഗ്രഹിച്ച രീതിയില്‍ ബാഡ്മിന്റണ്‍ കളിക്കാന്‍ തനിക്കായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിനും യോഗ്യത നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
