ജോൺ ബ്രിട്ടാസ് എം.പി|PTI

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസ് എം.പി. നടത്തിയ പ്രഭാഷണവുമായി ബന്ധപ്പെട്ട പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി രജിസ്ട്രാര്‍. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കാംപസില്‍ മീറ്റിംഗ് നടത്തുന്നത് വി.സി. വിലക്കിയെങ്കിലും യോഗത്തിന്റെ സംഘാടകര്‍ ഉത്തരവ് അവഗണിക്കുകയായിരുന്നുവെന്നാണ് രജിസ്ട്രാറുടെ മറുപടി.

യോഗ നടപടികള്‍ ചില മാധ്യമങ്ങള്‍ ലൈവ് ആയി സംപ്രേഷണം ചെയ്തു. മീറ്റിംഗ് നടത്തുന്നത് വിലക്കിയ സര്‍വകലാശാലയുടെ നടപടിയെ വിമര്‍ശിച്ചതായും രജിസ്ട്രാറുടെ മറുപടിയില്‍ പറയുന്നു.

അതേസമയം പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചാണ് യോഗം ചേര്‍ന്നതെന്നും നടപടികളെ ന്യായീകരിച്ചും തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കാന്‍ രജിസ്ട്രാറുടെമേല്‍ യോഗം സംഘടിപ്പിച്ചവര്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് വിവരം. എന്നാല്‍ യോഗം തടയാന്‍ ഉത്തരവിട്ട വൈസ് ചാന്‍സലറെ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തില്‍ അധിക്ഷേപിച്ചു സംസാരിച്ചതും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

പരിപാടിയുടെ പോസ്റ്റർ, യൂണിയൻ ഹാളിൽ സമാന്തര പരിപാടി സംഘടിപ്പിച്ചപ്പോൾ | Photo: Screengrab

ഓഫീസ് ഇന്റര്‍വെല്‍ സമയത്താണ് യോഗം സംഘടിപ്പിച്ചിരുന്നതെന്നും പ്രതിമാസം നടത്താറുള്ള പ്രഭാഷണങ്ങളുടെ ഭാഗമായി ജീവനക്കാരില്‍ അവബോധം ഉണ്ടാക്കുന്നത്തിനുള്ള പ്രഭാഷണമാണ് ജോണ്‍ ബ്രിട്ടാസ് നടത്തിയതെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടഭ്യര്‍ഥന നടത്തിയതായി അറിവില്ലെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.