പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്ന വീടിന് സമീപം പരിശോധനയ്ക്കെത്തിയ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കതിരൂര്‍ സ്വദേശികളായ സജിലേഷ്, ജിജോഷ്, വടകര സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ് സജിലേഷ്. വടകരയില്‍നിന്ന് ബാബു വെടിമരുന്ന് എത്തിച്ച് നല്‍കിയെന്നാണ് വിവരം. കേസില്‍ 12 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാംപ്രതി ഷെറില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, പാനൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടന്നത് വടകരയിലാണെന്ന് ആര്‍.എം.പി. സംസ്ഥാന സെക്രട്ടറി എന്‍. വേണു ആരോപിച്ചു. പാനൂര്‍ ബോംബ് സ്‌ഫോടനം വടകരയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എന്ന് തെളിഞ്ഞു. അന്വേഷണം സ്വതന്ത്ര ഏജന്‍സി ഏറ്റെടുക്കണം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണം. വടകരയില്‍നിന്നാണ് ഒരാളെ അറസ്റ്റുചെയ്തത്. സ്ഥാനാര്‍ഥിയെ ലക്ഷ്യം വച്ചാണിത്. കോഴിക്കോട് കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും ഉന്നത സി.പി.എം. നേതാക്കളുടെയും അറിവോടെയാണിത്- വേണു ആരോപിച്ചു.

നിര്‍മിക്കപ്പെട്ട ബോംബുകള്‍ വടകരയിലെ വിവിധ പ്രദേശങ്ങളില്‍ ശേഖരിക്കപ്പെട്ടതായി സംശയിക്കുകയാണെന്നും ഇത് കണ്ടെത്താനുള്ള റെയ്ഡ് അടക്കമുള്ള അടിയന്തര നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും വേണു ആവശ്യപ്പെട്ടു.