രേവന്ത് റെഡ്ഡി, Photo: ANI

ആറ്റിങ്ങൽ: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കടുത്ത അഴിമതിക്കാരാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയെ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കട്ടുമുടിച്ചോ അതുപോലെയാണ് പിണറായിയും മകളും കേരളത്തെ കട്ടുമുടിക്കുന്നത്. പിണറായി പോക്കറ്റടിക്കാരനെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി അടൂർ പ്രകാശിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു രേവന്ത്.

സ്വർണ്ണക്കടത്ത് കേസിൽ കമ്മീഷന്‍ പറ്റിയതുകൊണ്ടാണ് പിണറായി വിജയന് മോദിക്കെതിരെ പോരാടാൻ കഴിയാത്തതെന്നും രേവന്ത് ആരോപിച്ചു. ബി.ജെ.പിയുടെ വർക്കിങ് പ്രസിഡന്റായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. മോദിക്ക് വേണ്ടി യു.ഡി.എഫിനെ പരാജയപ്പെടുത്താൻ പിണറായി പണിയെടുക്കുന്നുവെന്നും രേവന്ത് ആരോപിച്ചു. കേരളത്തെ വികസിപ്പിക്കാനും ജനങ്ങൾക്ക് തൊഴിൽ നൽകാനും മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിൽ ഇരുപതിൽ ഇരുപതു സീറ്റുകളിലും യു.ഡി.എഫ്. ജയിക്കും. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തിൽനിന്നായിരിക്കുമെന്നും നിങ്ങൾ വോട്ട് ചെയ്യുന്നത് ഒരു എം.പിക്ക് വേണ്ടിയല്ല രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിക്ക് വേണ്ടിയാണെന്നും രേവന്ത് പറഞ്ഞു. കേരളത്തിൽ 20-ൽ 20 സീറ്റുകൾ നേടിയാൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരും. ജൂൺ നാല്‌ എന്ന ദിവസം ഉണ്ടെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അത് കാണാൻ എല്ലാവരെയും ഡൽഹിയിലേക്ക് ക്ഷണിക്കുകയാണ്. ഇന്ത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ കേന്ദ്രമന്ത്രിയായി അടൂർ പ്രകാശും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.