Photo: PTI
മുംബൈ: 2012 മേയ് 12-ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മയുടെ കരിയറിലെ ആദ്യ ഐപിഎല്‍ സെഞ്ചുറി. പിന്നീട് ആ ബാറ്റില്‍ നിന്ന് മറ്റൊരു സെഞ്ചുറി പിറക്കാന്‍ 11 വര്‍ഷത്തിലേറെയാണ് ആരാധകര്‍ക്ക് കാത്തിരിക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം വാങ്കെഡെയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നേടിയ സെഞ്ചുറി പക്ഷേ രോഹിത് ആഘോഷിച്ചില്ല. അര്‍ധ സെഞ്ചുറി നേടിയാല്‍ പോലും കാണികളെ അഭിവാദ്യം ചെയ്യുന്ന മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ചെറുപുഞ്ചിരി പോലും ആ മുഖത്തുണ്ടായിരുന്നില്ല.
ചെന്നൈക്കെതിരേ അവസാന ഓവറില്‍ സെഞ്ചുറി തികച്ചെങ്കിലും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന മുഹമ്മദ് നബിക്കരികിലെത്തി ഷേക്ക് ഹാന്‍ഡ് നല്‍കുക മാത്രമാണ് രോഹിത് ചെയ്തത്. 63 പന്തില്‍ നിന്ന് അഞ്ച് സിക്‌സും 11 ഫോറുമടക്കം 105 റണ്‍സോടെ പുറത്താകാതെ നിന്നെങ്കിലും ടീം പരാജയപ്പെട്ടതില്‍ കടുത്ത നിരാശയിലായ രോഹിത് തലതാഴ്ത്തി മൈതാനം വിടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മത്സരശേഷം അധികം സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെയായിരുന്നു നിരാശയോടെയുള്ള രോഹിത്തിന്റെ മടക്കം. ചെന്നൈ ഉയര്‍ത്തിയ 207 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് 186 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നിരാശയോടെ മടങ്ങുകയായിരുന്നു രോഹിത്തിനടുത്തെത്തി ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദാണ് ആദ്യം അദ്ദേഹത്തെ ഹസ്തദാനം ചെയ്തത്. പിന്നാലെ എം.എസ്. ധോനിയുമെത്തി. രോഹിത്തിന്റെ പുറത്തുതട്ടി ആശ്വസിപ്പിച്ചാണ് ധോനി കടന്നുപോയത്.
രോഹിത് പുറത്താകാതെ നിന്ന ഒരു മത്സരത്തില്‍ മുംബൈ തോല്‍ക്കുന്നത് ഇതാദ്യമായാണ്. മാത്രമല്ല ഒരു ഐപിഎല്‍ റണ്‍ചേസില്‍ സെഞ്ചുറിയുമായി ഒരു താരം പുറത്താകാതെ നിന്നിട്ടും ടീം തോല്‍ക്കുന്നതും ഇതാദ്യം. സീസണില്‍ ആറു മത്സരങ്ങളില്‍ മുംബൈയുടെ നാലാം തോല്‍വി കൂടിയായിരുന്നു ഇത്.
