പുരോഹിതനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ | Screengrab: twitter.com/MyLordBebo

സിഡ്‌നി(ഓസ്‌ട്രേലിയ): സിഡ്‌നിയില്‍ വീണ്ടും കത്തിയാക്രമണം. സിഡ്‌നിയില്‍നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രിസ്ത്യന്‍ പള്ളിയിലാണ് കുത്തിക്കുത്ത് നടന്നത്. പുരോഹിതന്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. ഇവര്‍ ചികിത്സതേടിയെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെയാണ് യുവാവ് ആക്രമണം നടത്തിയത്. കുര്‍ബാനയ്ക്കിടെ അക്രമി കത്തിയുമായി മുന്നോട്ട് നടന്നുനീങ്ങുകയും പുരോഹിതനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇതോടെ വിശ്വാസികള്‍ ഓടിക്കൂടി. തുടര്‍ന്ന് അക്രമി ഇവര്‍ക്കുനേരേയും ആക്രമണം നടത്തിയെന്നാണ് വിവരം.

പള്ളിയിലെ കുര്‍ബാന തത്സമയം സംപ്രേഷണം ചെയ്യുന്നതിനാല്‍ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, രോഷാകുലരായ ജനങ്ങള്‍ അക്രമിയുടെ വിരലുകള്‍ മുറിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടുദിവസം മുന്‍പാണ് സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ കത്തിയാക്രമണം നടന്നത്. ഇതിന്റെ നടുക്കം മാറുംമുന്‍പേയാണ് സിഡ്‌നിയിലെ ക്രിസ്ത്യന്‍ പള്ളിയിലും സമാനമായ ആക്രമണം അരങ്ങേറിയത്. ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ ആറുപേരാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ അടക്കം അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. അക്രമിയായ ജോയല്‍ കൗച്ചിനെ ഒടുവില്‍ വനിതാ പോലീസ് ഓഫീസറാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ മാനസികരോഗിയാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം.