നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രകടനപത്രിക പുറത്തിറക്കിയത്. മോദി കി ഗ്യാരണ്ടി എന്ന പേരിലാണ് പ്രകടനപത്രിക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരും പങ്കെടുത്തു.
ബിജെപിയുടെ പ്രകടനപത്രിക ഊന്നല്‍ നല്‍കുന്നത് വികസിത ഭാരതത്തിന്റെ നാല് തൂണുകള്‍ക്കാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്യാന്‍ (GYAN)- ഗരീബ് (പാവപ്പെട്ടവര്‍), യുവ (യുവജനങ്ങള്‍), അന്നദാത (കൃഷിക്കാര്‍), നാരി (സ്ത്രീകള്‍) എന്നിവര്‍ക്കാണ് ബിജെപിയുടെ പ്രകടനപത്രിക പ്രാമുഖ്യം നല്‍കുന്നതെന്ന് മോദി പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ ബിജെപിയുടെ പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും ഗ്യാരണ്ടിയായി നടപ്പാക്കിയിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടു. സൗജന്യ റേഷന്‍ പദ്ധതിയും ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ വിലകുറഞ്ഞ മരുന്നുകളുടെ വിതരണവും വരുന്ന അഞ്ചുവര്‍ഷക്കാലവും തുടരുമെന്നും മോദി വ്യക്തമാക്കി. ഇന്ത്യയെ അന്താരാഷ്ട്ര നിര്‍മാണ ഹബ്ബാക്കുമെന്നും ഇന്ധനവില കുറയ്ക്കുമെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും മോദി പറഞ്ഞു.
ഒരു രാജ്യം ഒരുതിരഞ്ഞെടുപ്പ് നടപ്പാക്കും, വനിതാ സംവരണ നിയമം നടപ്പാക്കും, 6-ജി നടപ്പാക്കും, അന്താരാഷ്ട്ര തലത്തില്‍ രാമായണ മഹോത്സവം നടത്തും, രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ നടപ്പാക്കും, മുദ്ര വായ്പ പരിധി 20 ലക്ഷം രൂപയാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.
