കിരീടനേട്ടം ആഘോഷിക്കുന്ന ലെവർക്യൂസൻ താരങ്ങൾ |ഫോട്ടോ:AP
ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ 11 വര്‍ഷമായുള്ള ബയേണ്‍ മ്യൂണിക്കിന്റെ ആധിപത്യം അവസാനിപ്പിച്ച് ബയേര്‍ ലേവര്‍ക്യൂസന്‍ കന്നി കിരീടം സ്വന്തമാക്കി. ഞായറാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വെര്‍ഡര്‍ ബ്രെമനെ തോല്‍പിച്ചതോടെയാണ് ലീഗില്‍ ബയേര്‍ ലേവര്‍ക്യൂസന്‍ കിരീടം ഉറപ്പിച്ചത്. സീസണില്‍ ഇനിയും അഞ്ച് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലെവര്‍ക്യൂസന്‍ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയനേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
വെര്‍ഡര്‍ ബ്രെമനെതിരായ മത്സരത്തില്‍ ഫ്ലോറിയന്‍ വിര്‍ട്സിന്റെ ഹാട്രിക് ഗോളുകള്‍ ലെവര്‍ക്യൂസന്റെ വിജയത്തിന് ഇരട്ടി മധുരം പകര്‍ന്നു. വിക്ടര്‍ ബോണിഫേസും ഗ്രനിത് ഷാക്കയും ഓരോ ഗോള്‍ വീതംനേടി.
കന്നി കിരീടം സ്വന്തമാക്കും മുമ്പ് ബുണ്ടസ് ലിഗയില്‍ ലെവര്‍ക്യൂസന്‍ അഞ്ച് തവണ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ലീഗിലെ 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തോല്‍വിയറിയാതെ 79 പോയിന്റാണ് ലെവര്‍ക്യൂസന്‍ നേടിയിട്ടുള്ളത്. അത്ര തന്നെ മത്സരങ്ങളില്‍നിന്ന് 20 ജയങ്ങളുമായി ബയേണ്‍ 63 പോയിന്റ് നേടി രണ്ടാമതാണ്. ഒരു സീസണിൽ ഏറ്റവുമധികം തോൽവിയറിയാത്ത മത്സരങ്ങൾ എന്ന ബുണ്ടസ് ലിഗ റെക്കോർഡും ലെവർക്യൂസൻ സ്വന്തമാക്കി.
