Photo: twitter.com/IndSuperLeague

ഹൈദരാബാദ്: ജയത്തോടെ ഐഎസ്എല്‍ ലീഗ് ഘട്ടം അവസാനിപ്പിച്ച് കേരളത്തിന്റെ കൊമ്പന്‍മാര്‍. ദുര്‍ബലരായ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി പ്ലേ ഓഫിനുമുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ആത്മവിശ്വാസം തിരികെപ്പിടിച്ചു. അവസാനം കളിച്ച ആറു മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയമാണിത്. കഴിഞ്ഞ ഡിസംബറില്‍ എടികെ മോഹന്‍ ബഗാനെ തോല്‍പ്പിച്ച ശേഷമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ ജയം കൂടിയാണിത്.

മുഹമ്മദ് ഐമന്‍ (34), ദയ്‌സുകെ സകായ് (51), നിഹാല്‍ സുധീഷ് (81) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്. ജാവോ വിക്ടറിന്റെ വകയായിരുന്നു 88-ാം മിനിറ്റില്‍ ഹൈദരാബാദിന്റെ ആശ്വാസ ഗോള്‍.

34-ാം മിനിറ്റില്‍ വലതു വിങ്ങില്‍നിന്ന് സൗരവ് നല്‍കിയ ക്രോസില്‍ തലവെച്ചാണ് ഐമന്‍ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. മഞ്ഞപ്പടയ്ക്കായി താരത്തിന്റെ ആദ്യ ഗോള്‍. തുടര്‍ന്ന് 51-ാം മിനിറ്റില്‍ സൗരവ് തന്നെ ദയ്‌സുകെ സകായിയുടെ ഗോളിനും വഴിയൊരുക്കി. പന്തുമായി ഓടിക്കയറിയ സൗരവ് നല്‍കിയ പന്ത് സകായ് അനായാസം ടാപ് ചെയ്ത് വലയിലാക്കി. 81-ാം മിനിറ്റില്‍ നിഹാലിന്റെ ഗോളെത്തി. താരത്തിന്റെ ആദ്യ ഷോട്ട് ഗോള്‍കീപ്പര്‍ കട്ടിമണി സേവ് ചെയ്തത് ലഭിച്ച ഐമന്‍ പന്ത് വീണ്ടും നിഹാലിന് മറിച്ചു. ഇത്തവണ ലക്ഷ്യം തെറ്റാതെ താരം വലതുളച്ചു.

88-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്ന് അലക്‌സ് സജി ഹെഡ് ചെയ്ത് നല്‍കിയ പന്ത് വിക്ടര്‍ വലയിലെത്തിക്കുകയായിരുന്നു. ജയത്തോടെ 22 കളികളില്‍ നിന്ന് 33 പോയന്റോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനം ഉറപ്പിച്ചു.