സജിത
തിരുവനന്തപുരം: വർക്കലയിൽ ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കാൻ ഇറങ്ങിയ യുവതിയെ പരസ്യമായി അപമാനിച്ചതായി പരാതി. അയിരൂർ സ്വദേശിനി സജിതയ്ക്കാണ് പുരുഷന്മാരായ ഓട്ടോ ഡ്രൈവർമാരിൽ നിന്ന് പരസ്യമായ അപമാനം നേരിടേണ്ടി വന്നത്. ഇത് സംബന്ധിച്ച് വർക്കല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ സംഭവം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് സജിത പറയുന്നു.
വിനോദ സഞ്ചാര മേഖലയിലെ ഹെലിപാഡ് ഓട്ടോ സ്റ്റാൻഡിൽ ഒരുകൂട്ടം ഡ്രൈവർമാർ തടയുകയും പൊതുസ്ഥലത്ത് വച്ച് അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വിദേശികൾ ഏറെ വന്നുപോകുന്ന വർക്കല ഹെലിപാഡിൽ വനിതാ ഓട്ടോറിക്ഷകൾ ഇല്ലെന്ന് മനസ്സിലാക്കിയാണ് സജിത അവിടേക്ക് എത്തിയത്.
എന്നാൽ അവിടെയുള്ള ഓട്ടോ ഡ്രൈവർമാർ സജിതയെ തടയുകയും പൊതുസ്ഥലത്ത് വച്ച് തന്നെ അധിക്ഷേപിച്ച് സംസാരിക്കുകയും അസഭ്യം വിളിക്കുകയും സ്ത്രീയെന്ന പരിഗണന പോലും നൽകാതെ അപമാനിക്കുകയും ചെയ്തതായി സജിത പറയുന്നു. ഓട്ടോറിക്ഷയിൽ കയറാൻ എത്തിയ വിദേശ വനിതകളെയും സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ തടഞ്ഞു.
കഴിഞ്ഞ 17 വർഷമായി വിവിധ സ്കൂളുകളിലായി ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപികയായി ജോലി നോക്കി വരികയായിരുന്നു സജിത. പല സ്കൂളുകളിലും അധ്യാപക നിയമനം വന്നതോടെ സജിതയ്ക്ക് ജോലി നഷ്ടപ്പെട്ടു. എൽ പി.എസ്.ടി. ലിസ്റ്റിലുള്ള സജിത നിയമന ഉത്തരവ് കാത്തിരിക്കുകയാണ്.
മൂന്ന് മാസം മുമ്പ് ഭർത്താവ് വിദേശത്ത് ജോലിക്കായി പോയെങ്കിലും ഇനിയും ജോലി ശരിയായിട്ടില്ല. വീട്ടുചെലവുകളും മൂന്ന് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും താങ്ങാൻ കഴിയാതെ വന്നതോടെയാണ് സർക്കാർ പദ്ധതി പ്രകാരം ബാങ്കിൽ നിന്നും വായ്പയെടുത്ത് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങിയത്. ഏപ്രിൽ ഒന്നാം തിയതി മുതൽ വീടിനടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷയുമായി എത്തിയെങ്കിലും ഓട്ടം ലഭിക്കാത്ത ദിവസങ്ങൾ ആയിരുന്നു ഏറെയും. മാസം പതിനായിരം രൂപയോളം ബാങ്കിൽ തിരിച്ചടയ്ക്കണം. തുടർന്ന് കൂട്ടുകാരിയുടെ നിർദ്ദേശപ്രകാരമാണ് ഓട്ടോറിക്ഷയുമായി സജിത ഹെലിപാഡ് സ്റ്റാൻഡിൽ സവാരിക്ക് ഇറങ്ങിയത്.
പൊതുജനങ്ങളുടെ മുന്നിൽ വച്ച് തന്നെ അപമാനിച്ച ഓട്ടോ ഡ്രൈവർമാർക്കെതിരെ നിയമനടപടികൾ ഉണ്ടാകണമെന്ന് സജിത ആവശ്യപ്പെടുന്നു.
