പ്രതീകാത്മക ചിത്രം

കോയമ്പത്തൂര്‍: വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി സൗഹൃദം അവസാനിപ്പിച്ചതിനുപിന്നാലെ 36 -കാരന്‍ യുവതിയുടെ മക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ വ്യാഴാഴ്ചയാണ് സംഭവം. പോലീസ് ഇയാളെ അറസ്റ്റു ചെയ്തതിനുശേഷം സ്റ്റേഷനില്‍നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ വൈദ്യുതിലൈനില്‍ കടന്നുപിടിച്ച് ജീവനൊടുക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. 40 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാള്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.

ട്രക്ക് ഡ്രൈവറായ വെങ്കടേശന്‍ അയല്‍വാസിയായ 26-കാരിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മക്കളായ ആറും മൂന്നും വയസുള്ള കുട്ടികളാണ് ക്രൂരതയ്ക്കിരയായത്. ഇയാളുമായുള്ള എല്ലാ ബന്ധവും യുവതി ഒഴിവാക്കിയതോടെ കുട്ടികളുടെ ഭാവിയോര്‍ത്താണ് താനുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നുള്ള ധാരണയില്‍ കുട്ടികളെ കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെങ്കടേശന്‍ അവിവാഹിതനാണ്.

വ്യാഴാഴ്ച രാവിലെ യുവതിയും ഭര്‍ത്താവും വീട്ടിലില്ലാതിരുന്ന സമയത്ത് വെങ്കടേശന്‍ കുട്ടികളെ ബൈക്കില്‍ സമീപത്തെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കല്ലുകൊണ്ട് തലയിലിടിച്ച് കൊലപ്പെടുത്തി. കുറേസമയം കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ വടക്കേ ഇന്ത്യയില്‍ നിന്നെത്തിയ ചിലര്‍ കുട്ടികളെ കടത്തിക്കൊണ്ടുപോയതായി സമീപവാസികളോട് പറഞ്ഞു. നാട്ടുകാര്‍ കുട്ടികള്‍ക്കായി തിരച്ചിലാരംഭിച്ചു. വനത്തില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കുട്ടികളെ നാട്ടുകാര്‍ കണ്ടെത്തി. ആറ് വയസുകാരന്‍ അതിനിടെ മരിച്ചിരുന്നു. മൂന്ന് വയസുകാരനെ ധര്‍മപുരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

പോലീസിന് പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ വെങ്കടേശനാണ് കൊലപാതകിയാണെന്ന് കണ്ടെത്താനായി. ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. സേലം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകാനിരിക്കെ പോലീസ് സ്‌റ്റേഷനില്‍നിന്ന് വെങ്കടേശന്‍ ഓടി രക്ഷപ്പെട്ടു. റെയില്‍വേയുടെ പവര്‍ ലൈനില്‍ വലിഞ്ഞുകയറിയ ഇയാള്‍ വൈദ്യുതിലൈനില്‍ കടന്നുപിടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. അവിടെനിന്ന് വെങ്കടേശനെ പോലീസ് ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമാണ്.