ബിൽ ഗേറ്റ്‌സും നരേന്ദ്രമോദിയും (ഫയൽ ചിത്രം )ഫോട്ടോ :പി.ടി.ഐ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് പ്രസാർ ഭാരതിക്ക് അനുമതി നിഷേധിച്ച് തിരഞ്ഞടുപ്പ് കമ്മീഷൻ. പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് തിരഞ്ഞടുപ്പ് കമ്മീഷൻ അനൗദ്യോഗികമായി പ്രസാർ ഭാരതിയെ അറിയിച്ചെന്നാണ് വിവരം.
ഔദ്യോഗിക അനുമതി ലഭിക്കാത്തതിനാൽ അഭിമുഖം സംപ്രേഷണം ചെയ്യാനുള്ള നീക്കം പ്രസാർ ഭാരതി ഉപേക്ഷിച്ചു. നേരത്തെ, സംപ്രേഷണത്തിന് അനുമതിതേടി ഇ-മെയിൽ അയച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി മറുപടി നൽകിയിരുന്നില്ല.
അതേസമയം, 45 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ ദൂരദർശനും ആകാശവാണിയും നേരത്തെ സംപ്രേഷണം ചെയ്തിരുന്നു. അഭിമുഖത്തിന്റെ പൂർണരൂപം സ്വകാര്യ ചാനലുകളിലും വന്നു. ആരോഗ്യ മേഖലയിലെ നൂതന പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജി. 20 ഉച്ചകോടിയുടെ അധ്യക്ഷപദവി തുടങ്ങിയ വിഷയങ്ങള്‍ മോദി-ഗേറ്റ്‌സ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിരുന്നു.
