Photo: PTI
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിനെ ട്രോളി മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ. അവസാന ഓവറുകളില്‍ കാര്‍ത്തിക്ക് തകര്‍ത്തടിക്കുന്നതിനിടെ താരത്തിന്റെ സമീപമെത്തിയ രോഹിത്, ”സബാഷ് ഡികെ, നിങ്ങള്‍ ലോകകപ്പ് കളിക്കണം” എന്ന് പറയുകയായിരുന്നു. അദ്ദേഹം ലോകകപ്പ് ടീമില്‍ ഇടംപിടിക്കാനുള്ള ശ്രമത്തിലാണെന്നും രോഹിത് ഇതിനു പിന്നാലെ കൂട്ടിച്ചേർത്തു.
സ്റ്റമ്പ് മൈക്കിലൂടെ ഇത് പുറത്തുവരികയായിരുന്നു. മത്സരത്തില്‍ മുംബൈക്കെതിരേ അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത കാര്‍ത്തിക്ക് 23 പന്തില്‍ നിന്ന് നാലു സിക്‌സും അഞ്ച് ഫോറുമടക്കം 53 റണ്‍സെടുത്തിരുന്നു. ഇന്ത്യയ്ക്കായി 2022 ലോകകപ്പില്‍ കളിച്ച കാര്‍ത്തിക്ക് അതിനു മുമ്പ് നടന്ന ഐപിഎല്‍ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. ഈ പ്രകടനത്തോടെ ലോകകപ്പ് ടീമില്‍ ഇടംനേടിയ കാര്‍ത്തിക്കിന് പക്ഷേ ആ മികവ് തുടരാനായില്ല. ഇത് ഓര്‍മപ്പെടുത്തിയായിരുന്നു രോഹിത്തിന്റെ വാക്കുകള്‍.
