ജെസ്‌നയും പിതാവ് ജെയിംസ് ജോസഫും | ഫയൽചിത്രം
പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഏപ്രില്‍ 19-ന് വെളിപ്പെടുത്തുമെന്ന് പിതാവ് ജെയിംസ് ജോസഫ്. ജെസ്‌ന കേസില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ അപാകതകള്‍ സംഭവിച്ചെന്നും മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജെസ്‌നയെ അപായപ്പെടുത്തിയതാണെന്നാണ് പിതാവ് ജെയിംസ് ജോസഫ് ആവര്‍ത്തിച്ച് പറയുന്നത്. ഏജന്‍സികളുടെ അന്വേഷണത്തിന് സമാന്തരമായി തങ്ങളും അന്വേഷണം നടത്തിയിരുന്നു. അതിലെ വിവരങ്ങളാണ് സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിച്ചത്. മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നു. മകളുടെ തിരോധാനം വര്‍ഗീയമായിപോലും ഉപയോഗിക്കാന്‍ ശ്രമം നടന്നു. ലൗജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ക്ക് ഈ തിരോധാനവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 19-ന് കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം ജെസ്‌ന കേസുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ കോടതിയിലോ മാധ്യമങ്ങള്‍ക്ക് മുന്നിലോ പിതാവ് വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞദിവസം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ജെയിംസ് ജോസഫ് സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ജെസ്ന ജീവിച്ചിരിപ്പില്ലെന്നും സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐ. തയ്യാറായില്ലെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.
സി.ബി.ഐ. സംഘം ശരിയായി കാര്യങ്ങള്‍ അന്വേഷിക്കുമെങ്കില്‍ ജസ്നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
സി.ബി.ഐ. പിന്നിലുണ്ടെന്ന് ബോധ്യമായാല്‍ അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കും. രഹസ്യസ്വഭാവത്തോടെ സി.ബി.ഐ. അന്വേഷിക്കാന്‍ തയ്യാറായാല്‍ അയാളുടെ ഫോട്ടോ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണ്.
ജെസ്ന രഹസ്യമായി വ്യാഴാഴ്ചകളില്‍ പ്രാര്‍ഥനയ്ക്ക് പോയിരുന്ന സ്ഥലം കണ്ടെത്തിയതായും ജെയിംസ് ജോസഫ് അവകാശപ്പെട്ടു. ജെസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. സി.ബി.ഐ. ആകെ സംശയിച്ചത് ജെസ്നയുടെ സഹപാഠിയെയാണ്. കാണാതായതിന്റെ തലേദിവസം ജെസ്നയ്ക്ക് ഉണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താനും സി.ബി.ഐ. ശ്രമിച്ചില്ല. ആര്‍ത്തവം മൂലമാണോ ഗര്‍ഭകാലത്ത് ഉണ്ടാകാനിടയുള്ള അമിത രക്തസ്രാവമാണോ ഇതെന്ന് കണ്ടെത്താന്‍ ശ്രമിച്ചില്ല. ജസ്നയുടെ മുറിയില്‍നിന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ശേഖരിച്ച രക്തംപുരണ്ട വസ്ത്രത്തെക്കുറിച്ചും സി. ബി.ഐ. അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
