കെ. അണ്ണാമലൈ | Photo: ANI

ചെന്നൈ: വന്‍ വാഗ്ദാനങ്ങളുമായി കോയമ്പത്തൂരില്‍ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി കെ. അണ്ണാമലൈയുടെ പ്രകടനപത്രിക. കോയമ്പത്തൂരില്‍ ഐ.ഐ.എം സ്ഥാപിക്കുമെന്നടക്കമുള്ള വാഗ്ദാനങ്ങളാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ മണ്ഡലത്തിനുമാത്രമായി പുറത്തിറക്കിയ പത്രികയിലുള്ളത്. കോയമ്പത്തൂരില്‍ ദേശീയ അന്വേഷണ ഏജന്‍സി, നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ യൂണിറ്റുകള്‍ ആരംഭിക്കുമെന്നും വാഗ്ദാനമുണ്ട്.

നവോദയ സ്‌കൂള്‍ സ്ഥാപിക്കും. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കാമരാജിന്റെ പേരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷണവണ്ടികള്‍ പുറത്തിറക്കും. നിലവിലെ വിമാനത്താവളത്തിന്റെ നിലവാരമുയര്‍ത്തും. മണ്ഡലത്തില്‍ കാന്‍സര്‍ ചികിത്സാകേന്ദ്രം സ്ഥാപിക്കുമെന്നും പത്രികയില്‍ പറയുന്നു.

കോയമ്പത്തൂരില്‍ പ്രചാരണത്തില്‍നിന്ന് പിന്‍മാറുന്നതായി പി.എം.കെ

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പിന്‍മാറുന്നതായി എന്‍.ഡി.എ. ഘടകകക്ഷിയായ പട്ടാളിമക്കള്‍ കക്ഷി ജില്ലാസെക്രട്ടറി രാജ് അറിയിച്ചു. നാമനിര്‍ദേശപത്രിക കൊടുക്കുന്നതുമുതല്‍ ഇതുവരെയും പാര്‍ട്ടിക്ക് യാതൊരുവിധ പരിഗണനയും ലഭിച്ചിട്ടില്ലെന്ന് രാജ് വ്യക്തമാക്കി. പരിപാടികളെക്കുറിച്ച് അറിയിക്കുന്നില്ല. യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ല. തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് തുറക്കുന്നതുപോലും അറിയിക്കുന്നില്ല. ഇത്തരം അവഗണനയില്‍ പ്രതിഷേധിച്ചാണ് വിട്ടുനില്‍ക്കുന്നതെന്ന് രാജ് പറഞ്ഞു.

ബി.ജെ.പി.-ഡി.എം.കെ. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; അണ്ണാമലൈക്കെതിരേ പോലീസ് കേസെടുത്തു

കോയമ്പത്തൂര്‍: നഗരത്തില്‍ ആവാരാംപാളയത്ത് ബി.ജെ.പി.-ഡി.എം.കെ. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി അണ്ണാമലൈക്കെതിരേ പീളമേട് പോലീസ് കേസെടുത്തു. രാത്രി പത്തുമണിക്ക് ശേഷവും ബി.ജെ.പി. പ്രചാരണം നടത്തിയെന്ന ഡി.എം.കെ.യുടെ പരാതിയിലാണ് നടപടി. കഴിഞ്ഞദിവസത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

രാത്രി 10.40-നാണ് ബി.ജെ.പി. പ്രചാരണം നടത്തിയതെന്ന് ഡി.എം.കെ. സ്ഥാനാര്‍ഥി പി. രാജ്കുമാര്‍ പറഞ്ഞു. ഇതിനെ ഡി.എം.കെ. പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. രാത്രി വൈകിയുള്ള പ്രചാരണം ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പോലീസിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിട്ടുണ്ടെന്നും രാജ്കുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ചട്ടം സംബന്ധിച്ച് വ്യക്തമായ ബോധ്യം ഉണ്ടെന്നും ഒരു ലംഘനവും നടത്തിയിട്ടില്ലെന്നും കെ. അണ്ണാമലൈ പറഞ്ഞു. രാത്രി പത്ത് മണിക്ക് ശേഷം പ്രചാരണം നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ അതിന്റെ വീഡിയോ പുറത്തുവിടാന്‍ വെല്ലുവിളിക്കുകയും ചെയ്തു.