പ്രതീകാത്മക ചിത്രം
മണർകാട്: വീട്ടുവഴക്കിനെത്തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച അമ്മയെ പ്രഷർകുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച മകൻ പിടിയിൽ. വടവാതൂർ പോളശ്ശേരി കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ (26)-ആണ് അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെ എട്ടരയോടെ വീടിനുള്ളിൽവെച്ച് കൈകൊണ്ട് പലതവണ തലയ്ക്ക് ഇടിക്കുകയും കുതറി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ വീട്ടിലിരുന്ന കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് പലതവണ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡുചെയ്തു.
