നേപ്പാൾ യാത്രയ്ക്കിടെ മൂവർസംഘം

10,028 കിലോമീറ്ററാണ് ആകെ സഞ്ചരിച്ചത്. 60,000 രൂപയുടെ പെട്രോള്‍ ചെലവും വന്നു.

നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമിടയില്‍ ഹീറോസാണ് ഈ മൂവര്‍സംഘം. അവര്‍ക്കൊപ്പമുള്ള പഴയ മാരുതി സെന്‍ കാര്‍ സൂപ്പര്‍ ഹീറോയും. ആഡംബരവാഹനങ്ങളില്‍ രാജ്യങ്ങള്‍ താണ്ടുന്നവര്‍ക്കിടയില്‍, വെറും 35,000 രൂപയ്ക്കു വാങ്ങിയ പഴയ മാരുതി സെന്‍ കാറില്‍ യാത്ര പൂര്‍ത്തിയാക്കിയാണ് ഈ യുവാക്കള്‍ യാത്രയെ സാഹസികവും അവിസ്മരണീയവുമാക്കിയത്. മണ്ണാര്‍ക്കാട് സ്വദേശികളായ ഗ്രെയ്സ് വീട്ടില്‍ കെ. ജുബൈര്‍, കുറുവണ്ണ വീട്ടില്‍ നിജാസ്, പെരിന്തല്‍മണ്ണ പള്ളിയത്തൊടി വീട്ടില്‍ ഫായിസ് സെയ്ത് അലി എന്നിവരാണ് ഈ കൂട്ടുകാര്‍.

യാത്രയും യുവാക്കളും ഇപ്പോള്‍ യു ട്യൂബിലും വൈറലാണ്. മണ്ണാര്‍ക്കാടുനിന്നും നേപ്പാളിലേക്കായിരുന്നു യാത്ര. 29 വര്‍ഷം പഴക്കമുള്ള കാറില്‍ 29 ദിവസംകൊണ്ട് 29 സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവെന്നതാണ് യാത്രയുടെ പ്രത്യേകത. ഈ കാറില്‍ ഇത്രയും ദൂരം യാത്ര പോവാനാവില്ലെന്ന് കളിയാക്കിയവര്‍ക്കുള്ള മറുപടികൂടിയായി മാറി, നേപ്പാള്‍ യാത്ര.

ഫെബ്രുവരി 10-നാണ് ‘കെ.എല്‍. 07 കെ. 9063’ നമ്പറുള്ള ’95 മോഡല്‍ കാറില്‍ യാത്ര തുടങ്ങിയത്. പാലക്കാട്-സേലം വഴി ചെന്നൈ-പോണ്ടിച്ചേരി തീരദേശപാതയിലൂടെയായിരുന്നു യാത്ര. തിരിച്ചെത്തിയത് ഗോവ-മംഗലാപുരം- കാസര്‍കോട് തീരദേശപാതയിലൂടെയും. ഫെബ്രുവരി 20-ന് ബിഹാറില്‍നിന്ന് നേപ്പാള്‍ അതിര്‍ത്തിയിലെത്തി. അഞ്ചുദിവസത്തെ പെര്‍മിറ്റെടുത്ത് കാഠ്മണ്ഡുവില്‍ സഞ്ചരിച്ചു.

പശുപതിനാഥ് ക്ഷേത്രം, പത്താന്‍ ദര്‍ബാര്‍ സ്‌ക്വയര്‍, ബുദ്ധസ്തൂപ തുടങ്ങി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരികെ ഇന്ത്യയില്‍ പ്രവേശിച്ചു. മടക്കയാത്രയില്‍ വാരണാസി, ലക്നൗ, ഗ്വാളിയോര്‍, ആഗ്രയുമെല്ലാം സന്ദര്‍ശിച്ചു. ഗ്രാമീണമേഖലകളിലേക്കും ആ യാത്ര നീണ്ടു. 10,028 കിലോമീറ്ററാണ് ആകെ സഞ്ചരിച്ചത്. 60,000 രൂപയുടെ പെട്രോള്‍ ചെലവും വന്നു. മാര്‍ച്ച് ഒമ്പതിന് രാത്രിയോടെ മണ്ണാര്‍ക്കാട്ടെത്തി.

കശ്മീര്‍ സന്ദര്‍ശിക്കാനായില്ലെന്നതൊഴിച്ചാല്‍ യാത്ര മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നു ജുബൈര്‍ പറഞ്ഞു. യാത്രയില്‍ ആകെയുണ്ടായ തടസ്സം കൊല്‍ക്കത്തയിലെത്തിയപ്പോള്‍ കാറിന്റെ വീല്‍ ബെയറിങ് കേടായതാണ്. ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു യാത്ര. താമസം ഹോട്ടലുകളില്‍. മൂന്നുപേരും മാറിമാറി കാറോടിച്ചു. ന്യൂഡല്‍ഹിയില്‍ ഡോക്ടറായി ജോലിചെയ്യുന്ന ഫായിസ് സെയ്ത് അലി വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുമെന്നതിനാല്‍ ഭാഷാപ്രതിസന്ധിയുണ്ടായില്ല.

മാരുതി കാറിലാണു യാത്രയെന്ന് ഇവര്‍ വീട്ടുകാരെ അറിയിച്ചിരുന്നില്ല. തിരിച്ചെത്തിയതിനുശേഷമാണ് വിവരം പറഞ്ഞത്. ജുബൈറിന്റേതാണു വാഹനം. ഭാര്യയ്ക്ക് ഡ്രൈവിങ് പഠിക്കാനായി 2021-ലാണ് വാങ്ങിയത്. മുന്‍പ് കുടുംബസമേതം വയനാട്, തിരുവനന്തപുരം വരെയെല്ലാം കറങ്ങിയിരുന്നു. കുഴപ്പമില്ലെന്നു മനസ്സിലായതോടെ നേപ്പാള്‍ യാത്രയ്ക്ക് കാര്‍ തിരഞ്ഞെടുത്തു. എറണാകുളത്ത് പരസ്യക്കമ്പനി നടത്തുകയാണ് ജുബൈര്‍. എന്‍ട്രന്‍സ് പഠനകാലത്തെ സുഹൃത്താണ് ഫായിസ്. ബന്ധുവായ നിജാസ് ടി.എന്‍.സി. ജിപ്സം വര്‍ക്കറാണ്.