കണ്ണൻ
പെൺകുട്ടിയുടെ ശ്രദ്ധതെറ്റിച്ച് ഇയാൾ മോഷണം നടത്തുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. ഈ ദൃശ്യം ഉപയോഗിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആലപ്പുഴ: നഗരമധ്യത്തിലുള്ള സ്വര്‍ണക്കടയില്‍ കയറി പകൽ സ്വർണ്ണം മോഷ്ടിച്ച യുവാവിനെ നോർത്ത് പോലീസ് അറസ്റ്റുചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് വിഷ്ണുഭവനം വീട്ടിൽ കണ്ണനാണ് (കൊമ്പൻ കണ്ണൻ- 33) അറസ്റ്റിലായത്. കളത്തിവീട് ചന്തയ്ക്ക് സമീപമുള്ള വീട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മുല്ലയ്ക്കൽ ആർ.എൻ.എ. ജൂവലറയിലാണ് മോഷണം നടത്തിയത്. ഈ സമയം കടയുടമയുടെ മകൾ മാത്രമാണ് കടയിലുണ്ടായിരുന്നത്. പെൺകുട്ടിയുടെ ശ്രദ്ധതെറ്റിച്ച് ഇയാൾ മോഷണം നടത്തുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. ഈ ദൃശ്യം ഉപയോഗിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
നേരത്തെ കടയിലെത്തിയ പ്രതി കടയുടമ മഹേഷിനോട് ആഭരണങ്ങളുടെ വിലതിരക്കിയിരുന്നു. പിന്നീട് എ.ടി.എമ്മിൽ പോയി പണമെടുത്തുവരാമെന്ന് പറഞ്ഞ് ഇയാൾ പോയി. ഈ സമയം മകളെ കടയിലിരുത്തി മഹേഷ് ചായകുടിക്കാനായി പുറത്തേക്ക് പോയി. ഈ സമയത്ത് സ്വർണം വാങ്ങാനെന്ന മട്ടിൽ പ്രതി വീണ്ടും കടയിലെത്തി.
പെൺകുട്ടിയുടെ ശ്രദ്ധതെറ്റിക്കുന്നതിന് ഒരു കടലാസ് കഷ്ണം പ്രതി താഴെയിടുകയും പെൺകുട്ടി അതെടുക്കാൻ കുനിഞ്ഞപ്പോൾ സ്വർണാഭരണം മോഷ്ടിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ ബൈക്കിൽ കയറി പോയി. സമീപത്തുള്ള മറ്റൊരു കടയിലും സമാനരീതിയിൽ മോഷണശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
കടയുടമയുടെ പരാതിയിൽ നോർത്ത് പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, സബ്ബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ പി. ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ എസ്.പി.സി.ഒ. ഷൈൻ സി.പി.ഒമാരായ വിനു, ഗിരീഷ്, ലവൻ എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
