അപകടത്തിൽപ്പെട്ട ബസ് | Photo : X / @RamTyagiHindu

ചണ്ഡീഗഢ്: ഹരിയാണയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ ആറ് വിദ്യാര്‍ഥികള്‍ മരിക്കുകയും 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സ്വകാര്യ സ്‌കൂളിന്റെ പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈദുല്‍-ഫിത്ര്‍ ദിനത്തില്‍ തുറന്നു പ്രവര്‍ത്തിച്ചതില്‍ സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഹരിയാണ വിദ്യാഭ്യാസമന്ത്രി സീമ ത്രിഖ അറിയിച്ചു.

വ്യാഴാഴ്ചയാണ് മഹേന്ദ്ഗഢില്‍ അപകടമുണ്ടായത്. ജി.എല്‍. പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. വീടുകളില്‍നിന്ന് കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം. ബസ് കീഴ്മേല്‍ മറിഞ്ഞു.

ഈദുല്‍-ഫിത്ര്‍ ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയാണെന്നും അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും മന്ത്രി പറഞ്ഞു. കൂടാതെ, വിദ്യാര്‍ഥികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ട്രാഫിക് നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും കൃത്യമായി പാലിക്കുന്നതായി സ്വകാര്യസ്‌കൂളുകളുടെ ഭാഗത്തുനിന്ന് സത്യവാങ്മൂലം തേടിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മദ്യപിച്ചതായി കണ്ടെത്തുന്നപക്ഷം സ്‌കൂളുകള്‍ക്കായിരിക്കും അതിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി അറിയിച്ചു.

അപകടത്തേക്കുറിച്ച് ഒരു ഉന്നതതല സമിതി അന്വേഷണം നടത്തുമെന്ന് സംസ്ഥാന ഗതാഗതമന്ത്രി അസീം ഗോയല്‍ പറഞ്ഞു. സ്‌കൂളിനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും രേഖകള്‍ കൃത്യമായി ഹാജരാക്കാത്തതിനാല്‍ മാര്‍ച്ച് മാസത്തില്‍ പ്രസ്തുത സ്‌കൂളിനെതിരെ 15,000 രൂപ പിഴ ചുമത്തിയിരുന്നതായും അസീം ഗോയല്‍ അറിയിച്ചു. പിഴ ചുമത്തിയതില്‍നിന്നുതന്നെ സ്‌കൂളിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തികച്ചും ദൗര്‍ഭാഗ്യകരമായ വാര്‍ത്തയാണിതെന്നും വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി തനിക്ക് വിവരം ലഭിച്ചതായും മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ പ്രതികരിച്ചു. ഈദ് ദിനത്തില്‍ കുട്ടികള്‍ എന്തിനാണ് സ്‌കൂളില്‍ പോയതെന്ന് തനിക്ക് വ്യക്തമാകുന്നില്ലെന്നും അതിനേക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യമൊട്ടാകെ ഈദ് ദിനത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമ്പോള്‍ ഈ സ്‌കൂളിന് പ്രവൃത്തിദിനമായതിനെ കുറിച്ച് അന്വേഷണം വേണമെന്ന് ഹരിയാണ മുന്‍ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല ആവശ്യപ്പെട്ടു.