കേരള ഹൈക്കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച അന്വേഷണത്തിലെ വിശദമായ മൊഴിപ്പകര്‍പ്പുകള്‍ അതിജീവിതയ്ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. നേരത്തേ, സെഷന്‍സ് കോടതിയില്‍ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല.
ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍വെച്ച് പ്രതിയും അഭിഭാഷകനും പരിശോധിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉപഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ട്. ഈ ഹര്‍ജികളില്‍ വേനലവധിയ്ക്കു ശേഷം ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതു സംബന്ധിച്ച് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് അന്വേഷണം നടത്തിത്. സെഷന്‍സ് കോടതിയിലെ സീനിയര്‍ ക്ലാര്‍ക്ക് മെമ്മറി കാര്‍ഡ് വീട്ടില്‍ കൊണ്ടുപോയി പരിശോധിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
അങ്കമാലി മജിസ്‌ട്രേട്ട് ലീനാ റഷീദ് ദിലീപിന്റെ അപേക്ഷയനുസരിച്ച് ദിലീപിനെയും അഭിഭാഷകനെയും ലാപ്‌ടോപ്പില്‍ ദൃശ്യങ്ങള്‍ കാണിച്ചത് നടപടിവേണ്ട പെരുമാറ്റ ദൂഷ്യമാണെന്ന് അതിജീവിതയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ലൈംഗികാതിക്രമ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് മജിസ്‌ട്രേട്ട് വീട്ടില്‍ കൊണ്ടുപോയത് സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തിയിട്ടില്ല.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി അപാകതകള്‍ സെഷന്‍സ് കോടതി ജഡ്ജിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നും ആര്‍ക്കെതിരെയും നടപടിയെടുക്കാനുള്ള കണ്ടെത്തലുകളില്ലെന്ന റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
