Photo | twitter.com/KeralaBlasters
ഹൈദരാബാദ്: പ്ലേ ഓഫിനുമുമ്പ് വിജയത്തോടെ ഒരുങ്ങാൻ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇതിലുംനല്ലൊരു അവസരമില്ല. കാരണം ഐ.എസ്.എൽ. ഫുട്‌ബോൾ ലീഗ് ഘട്ടത്തിലെ അവസാനമത്സരത്തിൽ എതിരാളി ദുർബലരായ ഹൈദരാബാദ് എഫ്.സി.യാണ്. സീസണിൽ ഒരു മത്സരം മാത്രം ജയിച്ച, 15 കളികളിൽ തോറ്റ ടീം. വെള്ളിയാഴ്ച രാത്രി 7.30-ന് ഗച്ചിബൗളി സ്‌റ്റേഡിയത്തിലാണ് മത്സരം.
അവസാനം കളിച്ച അഞ്ചുമത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായിട്ടില്ല. പരിക്കാണ് ടീമിന്റെ വലിയ എതിരാളി. പരിക്കിലുള്ള സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റാകോസ് കളിക്കാനിടയില്ല. പരിക്കുമാറി പരിശീലനം തുടങ്ങി ക്യാപ്റ്റൻ അഡ്രിയൻ ലൂണ ഹൈദരാബാദിനെതിരേ കളിക്കുമോയെന്ന് ഉറപ്പില്ല. താരത്തെ പ്ലേ ഓഫിലേക്ക് കരുതിവെക്കാനാകും പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന് താത്‌പര്യം. യുവതാരങ്ങൾക്ക് പ്രാമുഖ്യമുള്ള ടീമിനെയാകും ഇറക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് തോറ്റെങ്കിലും യുവതാരങ്ങൾ മികച്ച പ്രകടനം നടത്തിയെന്ന് പരിശീലകൻ പറഞ്ഞിരുന്നു. ജപ്പാൻ താരം ഡെയ്‌സുക സകായിയെ തുടക്കത്തിൽ കളിപ്പിച്ചേക്കും.
സീസണിൽ പരിതാപകരമായ പ്രകടനമാണ് ഹൈദരബാദിൽനിന്നുണ്ടായത്. 21 മത്സരം കളിച്ച ടീം ഒരു മത്സരം മാത്രമാണ് ജയിച്ചത്. അഞ്ചുകളിയിൽ സമനിലനേടി. 15 കളിയിൽ തോറ്റു. 40 ഗോൾ വഴങ്ങിയപ്പോൾ തിരിച്ചടിച്ചത് ഒമ്പതു ഗോൾമാത്രം. സാമ്പത്തികപ്രതിസന്ധിയും മുൻചാമ്പ്യന്മാർക്ക് തിരിച്ചടിയായി. മലയാളി താരങ്ങളായ അലക്‌സ് സജി, അബ്ദുൾ റാബിഹ്, മുഹമ്മദ് റാഫി എന്നിവർ ടീമിലുണ്ട്.
പ്ലേ ഓഫ് മത്സരക്രമം
ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് മത്സരങ്ങളുടെയും ഫൈനലിന്റെയും മത്സരക്രമം പുറത്തുവിട്ടു. മേയ് നാലിനാണ് ഫൈനൽ. ഫൈനൽ വേദി പിന്നീട് പ്രഖ്യാപിക്കും.
നോക്കൗട്ട് മത്സരം
ഏപ്രിൽ 19, 20
സെമിഫൈനൽ
ആദ്യപാദം ഏപ്രിൽ 23, 24
രണ്ടാംപാദം ഏപ്രിൽ 28, 29
ഫൈനൽ
മേയ് നാല്
