ഫോർഡ് എവറസ്റ്റ് | Photo: Ford

ഫോര്‍ഡിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായിരുന്നു എന്‍ഡവറിനെ ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചെത്തിച്ചേക്കുമെന്ന് സൂചന. എന്‍ഡവര്‍ എന്ന പേരില്‍ നിരത്തൊഴിഞ്ഞ ഈ വാഹനം മടങ്ങിയെത്തുന്നത് എവറസ്റ്റ് എന്ന പേരിലായിരിക്കുമെന്നാണ് സൂചനകള്‍. എന്‍ഡവര്‍ എസ്.യു.വി. ഓസ്‌ട്രേലിയ, തായലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ എവറസ്റ്റ് എന്ന പേരിലാണ് എത്തുന്നത്. ഇന്ത്യയില്‍ ഈ പേരിന് മറ്റൊരു കമ്പനി പകര്‍പ്പവകാശം നേടിയിരുന്നതിനാലാണ് എന്‍ഡവര്‍ എന്ന പേരില്‍ എത്തിയിരുന്നത്.

രാജ്യാന്തര തലത്തില്‍ ഒരേ പേരില്‍ ഈ വാഹനം എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് എവറസ്റ്റ് എന്ന പേരില്‍ എന്‍ഡവര്‍ മടങ്ങിയെത്തുന്നത്. ഈ വാഹനത്തിലൂടെയായിരിക്കും ഫോര്‍ഡിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവെന്നാണ് പ്രതീക്ഷിക്കുന്നത്. 2025-26-ഓടെ എവറസ്റ്റ് എസ്.യു.വിയെ ഇന്ത്യയില്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ ഉത്പാദനം തുടങ്ങുന്നത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഫോര്‍ഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ആദ്യഘട്ടത്തില്‍ വിദേശത്ത് നിര്‍മിക്കുന്ന എവറസ്റ്റ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തായിരിക്കും എത്തുന്നത്. എന്നാല്‍, പിന്നീട് ഈ വാഹനം ചെന്നൈയിലെ ഫോര്‍ഡിന്റെ പ്ലാന്റില്‍ നിര്‍മിക്കും. ചെന്നൈയിലെ പ്ലാന്റിലായിരുന്നു മുമ്പ് ഫോര്‍ഡ് എന്‍ഡവര്‍ നിര്‍മിച്ചിരുന്നത്. എസ്.യു.വികള്‍ നിര്‍മിക്കുന്നതിനുള്ള സംവിധാനങ്ങള്‍ മുമ്പുതന്നെ ഒരുക്കിയിട്ടുള്ള ചെന്നൈയിലെ പ്ലാന്റില്‍ എവറസ്റ്റ് നിര്‍മിക്കുന്നതില്‍ തടസ്സമുണ്ടാകില്ലെന്നാണ് ഫോര്‍ഡിന്റെ വിലയിരുത്തലുകള്‍.

രൂപത്തില്‍ എന്‍ഡവറിനോട് സാമ്യമുണ്ടെങ്കിലും കൃത്യമായ ഡിസൈന്‍ മാറ്റങ്ങളോടെയാണ് എവറസ്റ്റ് എത്തുന്നത്. വീതിയുള്ള ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള വലിയ ഗ്രില്ല്, സി ഷേപ്പ് ഡി.ആര്‍.എല്‍. നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ് യൂണിറ്റ്, ബമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഫോഗ്‌ലാമ്പ്, ഫോക്‌സ് സ്‌കിഡ് പ്ലേറ്റും ബ്ലാക്ക് ലോവര്‍ ലിപ്പും നല്‍കിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് എന്‍ഡവറില്‍ നിന്ന് എവറസ്റ്റിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍. ടെയ്ല്‍ലാമ്പിന്റെ ഡിസൈന്‍ മാറിയതിനൊപ്പം എല്‍.ഇ.ഡിയുമായിട്ടുണ്ട്.

രാജ്യാന്തര വിപണിയില്‍ എത്തിയിട്ടുള്ള എവറസ്റ്റിന്റെ ഇന്റീരിയറില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ ഇന്ത്യന്‍ പതിപ്പിലും നല്‍കും. 12 ഇഞ്ച് വലിപ്പത്തില്‍ വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ക്ലെസ്റ്റര്‍, വെന്റിലേറ്റഡ് സംവിധാനമുള്ള സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ നിരവധി ഫീച്ചറുകള്‍ക്കൊപ്പം പൂര്‍ണമായും കറുപ്പ് നിറവും നല്‍കിയാണ് എവറസ്റ്റിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ എത്തുന്ന എവറസ്റ്റിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ വ്യക്തമല്ല. എന്നാല്‍, അതേസമയം, സിംഗിള്‍ ടര്‍ബോ, ട്വിന്‍ ടര്‍ബോ സംവിധാനത്തില്‍ 2.0 ലിറ്ററിന്റെ രണ്ട് ഡീസല്‍ എന്‍ജിനുകളിലും ഒരു 3.0 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ആറ് സ്പീഡ് മാനുവല്‍, പത്ത് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനങ്ങളില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്ന ഗിയര്‍ബോക്‌സുകള്‍. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങളിലും എവറസ്റ്റ് എത്തും.