ബഡേ മിയാൻ ഛോട്ടെ മിയാനിൽ ടെെ​ഗർ ഷ്റോഫ്, അക്ഷയ് കുമാർ,പൃഥ്വിരാജ് സുകുമാരൻ

അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഡേ മിയാന്‍ ചോട്ടേ മിയാന്‍ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വലിയ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രത്തില്‍ ആക്ഷന്‍, അഭിനേതാക്കള്‍, സറ്റൈല്‍ എന്നിവയുണ്ടെങ്കിലും ആത്മാവില്ലെന്നാണ് പ്രശസ്ത ട്രെയ്ഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറയുന്നു. സംവിധായകന്‍ അലി അബ്ബാസ് സഫറിന് ഒരു സുവര്‍ണാവസരം ലഭിച്ചുവെങ്കിലും അത് ഉപയോഗിക്കാന്‍ സാധിച്ചില്ലെന്നും തരണ്‍ ആദര്‍ശ് കൂട്ടിച്ചേര്‍ത്തു. അഞ്ചില്‍ രണ്ടാണ് അദ്ദേഹം റേറ്റിങ് നല്‍കിയിരിക്കുന്നത്.

320 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. പക്ഷേ രാജ്യത്തു നിന്നുള്ള ബോക്‌സ് ഓഫീസ് വരുമാനം 15.5 കോടി മാത്രമാണ്. ആദ്യ ദിനത്തിലെ പ്രീ ബുക്കിങ് തുകയും ഇതില്‍ ഉള്‍പ്പെടും. തിയേറ്റര്‍ ഒക്വുപന്‍സി 30 ശതമാനത്തോളമേ ഉണ്ടായിരുന്നുള്ളൂ. വാരാന്ത്യത്തില്‍ വരുമാനം കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം പൃഥ്വിരാജിന്റെ വില്ലന്‍ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുഖം മൂടി വച്ച് പടച്ചട്ടയ്ക്ക് സമാനമായ തുകല്‍ കോട്ടും വസ്ത്രം ധരിച്ച് വ്യത്യസ്ത ഗെറ്റപ്പിലെത്തിയ പൃഥ്വിരാജിന്റെ പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പൃഥ്വിരാജിന്റെ നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്.

സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ ഹൃതിക് റോഷന്‍. ദീപിക പദുക്കോണ്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഫൈറ്റര്‍ ആണ് ഈ വര്‍ഷം ആദ്യ ദിനം ഏറ്റവും കൂടുതല്‍ പണം വാരിയ ഹിന്ദി ചിത്രം. രാജ്യത്ത് നിന്ന് 24.6 കോടിയായിരുന്നു സിനിമയുടെ ആദ്യദിന വരുമാനം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഷാറുഖ് ഖാന്റ ജവാന്‍ ആദ്യ ദിനം 75 കോടി വരുമാനം നേടിയിരുന്നു.

സൊനാക്ഷി സിന്‍ഹ, മാനുഷി ഛില്ലര്‍, അലായ എന്നിവരാണ് നായികമാര്‍. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വഷു ഭഗ്‌നാനിയും പൂജ എന്റര്‍ടൈന്‍മെന്റുമായി ചേര്‍ന്ന് അലി അബ്ബാസ് സഫര്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വഷു ഭഗ്‌നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്‌നാനി, ഹിമാന്‍ഷു കിഷന്‍ മെഹ്‌റ, അലി അബ്ബാസ് സഫര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.