Photo | AFP

മുംബൈ: ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ അഞ്ച് വിക്കറ്റ് നേട്ടം നടത്തി ബുംറ ഒരിക്കല്‍ക്കൂടി തന്റെ ക്ലാസ് തെളിയിച്ചിരിക്കുന്നു. ആറ് റണ്‍സില്‍ കുറഞ്ഞ ഇക്കോണമി നിരക്കിലാണ് ബുംറ ആര്‍.സി.ബി.ക്കെതിരേ പന്തെറിഞ്ഞത് – 5.95. നാലോവറില്‍ വഴങ്ങിയത് 21 റണ്‍സ് മാത്രം. എടുത്ത വിക്കറ്റുകളില്‍ മിക്കതും ബെംഗളൂരുവിന്റെ അപകടകാരികളുടേത്.

ലീഗിലെ ടോപ് സ്‌കോററായ വിരാട് കോലിയെയാണ് ആദ്യം പുറത്താക്കിയത്. പിന്നാലെ മത്സരത്തിലെ ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍ ഫാഫ് ഡു പ്ലെസ്സിസിനെയും മടക്കി. വമ്പനടിക്കാരനായ മഹിപാല്‍ ലാംററിനെ പൂജ്യത്തിന് പുറത്താക്കി. സൗരവ് ചൗഹാന്‍, വിജയകുമാര്‍ വൈശാഖ് എന്നിവരും ബുംറയുടെ വേട്ടയ്ക്കിരയായി.

മഹിപാല്‍ ലാംററിനെ പുറത്താക്കിയ രീതി മാത്രം മതി, ബുംറ എന്ന ബൗളറുടെ പ്രതിഭയുടെ ആഴമറിയാന്‍. ടൂ ക്രഷിങ് യോര്‍ക്കര്‍ എറിഞ്ഞാണ് ലാംററിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. ലാംറര്‍ യോര്‍ക്കര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ ആദ്യ പന്തില്‍ത്തന്നെ പുറത്തായി വന്ന വഴി മടങ്ങി.

17-ാം ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബുംറയെയാണ് ഏല്‍പ്പിച്ചത്. ആക്രമണ സ്വഭാവത്തോടെ ഡു പ്ലെസ്സിസാണ് ക്രീസില്‍. ഓവറിലെ നാലാം പന്തില്‍ ഡു പ്ലെസ്സിസിനെ ടിം ഡേവിഡിന്റെ കൈകളിലേക്ക് പായിച്ചാണ് ബുംറ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടിയത്. ബുംറ പായിച്ച ലോ ഫുള്‍ ടോസ്, അടിച്ചൊതുക്കാന്‍ ശ്രമിച്ചതാണ് ഡു പ്ലെസ്സിസിന് വിനയായത്. തുടര്‍ന്ന് ക്രീസിലെത്തിയ ലാംററിനെ ഐതിഹാസികമായ കുരുക്കിലൂടെ നീക്കി. ഇതോടെ ബുംറ എറിഞ്ഞ ആദ്യ മൂന്നോവറില്‍ മൂന്നു വിക്കറ്റ്.

ഒന്‍പത് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടിയ വിരാട് കോലിയെയാണ് ആദ്യം പുറത്താക്കിയത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലേക്ക് നല്‍കി ആര്‍.സി.ബി. സൂപ്പര്‍ താരത്തെ പറഞ്ഞയക്കുകയായിരുന്നു. 19-ാം ഓവറിലെ നാലാം പന്തില്‍ സൗരവ് ചൗഹാനെയും അഞ്ചാം പന്തില്‍ വിജയകുമാര്‍ വൈശാഖിനെയും മടക്കി. യഥാക്രമം അകാശ് മധ്‌വല്‍, നബി എന്നിവരുടെ ക്യാച്ചിലൂടെയാണ് പുറത്തായത്.

അഞ്ചുവിക്കറ്റ് നേട്ടത്തോടെ പര്‍പ്പിള്‍ ക്യാപ്പിനു വേണ്ടിയുള്ള മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ യുസ്‌വേന്ദ്ര ചാഹലിനൊപ്പമെത്തി ബുംറ. ലീഗില്‍ ഇരുവരും പത്തുവീതം വിക്കറ്റു നേടി. ബെംഗളൂരുവിനെതിരേ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യത്തെ ബൗളറാവാനും ബുംറയ്ക്ക് കഴിഞ്ഞു. കൂടാതെ ആര്‍.സി.ബി.യുടെ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറായും ബുംറ മാറി. ഐ.പി.എല്‍. ചരിത്രത്തില്‍ ബെംഗളൂരുവിന്റെ 29 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. 26 വീതം വിക്കറ്റുകള്‍ നേടിയ രവീന്ദ്ര ജഡേജയും സന്ദീപ് ശര്‍മയുമാണ് ഇതുവരെ ഈ റെക്കോഡ് കൈയില്‍വെച്ചിരുന്നത്.

ഐ.പി.എലില്‍ രണ്ടുതവണ അഞ്ചു വിക്കറ്റു നേട്ടം കൈവരിക്കുന്ന നാലാമത്തെ ബൗളറാണിപ്പോള്‍ ബുംറ. മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ്. നേരത്തേ ജെയിംസ് ഫോക്‌നര്‍, ജയ്‌ദേവ് ഉനദ്കട്ട്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഈ നേട്ടത്തിലെത്തിയിരുന്നു. 2022-ല്‍ കൊല്‍ക്കത്തയ്‌ക്കെതിരേയായിരുന്നു ബുംറയുടെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം. പത്ത് റണ്‍സ് മാത്രം നല്‍കിയാണ് അന്ന് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. ഐ.പി.എലില്‍ ഏറ്റവും കുറഞ്ഞ റണ്‍സ് വിട്ടുനല്‍കി അഞ്ചുവിക്കറ്റ് നേടിയ റെക്കോഡും ബുംറയുടെ പേരില്‍ത്തന്നെ.