Photo: Apple

ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായൊരു നീക്കവുമായി ആപ്പിള്‍. ഐഫോണുകളുടെ അറ്റുകുറ്റപ്പണികള്‍ക്കായി പുനരുപയോഗിച്ച ഭാഗങ്ങള്‍ ഉപയോഗിക്കാന്‍ ആപ്പിള്‍ ഇനി അനുവദിക്കും. ഇതോടെ സ്വതന്ത്ര മൊബൈല്‍ ഫോണ്‍ റിപ്പെയര്‍ ഷോപ്പുകളിലും ഐഫോണുകളുടെ അറ്റകുറ്റപ്പണി നടത്താനും ചzലവുറഞ്ഞ യൂസ്ഡ് പാര്‍ട്‌സുകള്‍ ഉപയോഗിച്ച് ഫോണ്‍ ശരിയാക്കാനും സാധിക്കും.

പുനരുപയോഗം ചെയ്ത ഭാഗങ്ങള്‍ ഉപയോഗിച്ച് സുരക്ഷിതമായി ഫോണുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലായിരുന്നു ആപ്പിള്‍. ഉപഭോക്താക്കളുടെ സുരക്ഷ, സ്വകാര്യത എന്നിവ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇതുവരെ അതിന് അനുവദിക്കാതിരുന്നത്.

യഥാര്‍ത്ഥ ഭാഗങ്ങള്‍ തന്നെയാണോ അറ്റകുറ്റപ്പണിക്കായി ഉപയോഗിക്കുന്നത് എന്ന് ഉറപ്പിക്കുക എന്നതാണ് ആപ്പിള്‍ നേരിട്ട പ്രധാന വെല്ലുവിളി. ഇതിനായി ‘പെയര്‍’ എന്ന പുതിയ പ്രക്രിയ ആപ്പിള്‍ അവതരിപ്പിച്ചു. അതായത് ഐഫോണിന്റെ അറ്റകുറ്റപ്പണിക്കായി ഘടകഭാഗങ്ങള്‍ പുനരുപയോഗിക്കുമ്പോള്‍ അവ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി അറ്റകുറ്റപ്പണി നടത്തിയതിന് ശേഷം ഉപയോഗിച്ചിരിക്കുന്ന ഘടകഭാഗങ്ങള്‍ പുതിയതാണോ പുനരുപയോഗം ചെയ്തതാണോ എന്ന് ആപ്പിള്‍ പരിശോധിച്ചുറപ്പാക്കും.

ഇതുവഴി, മറ്റ് ഐഫോണുകളിലുണ്ടായിരുന്ന ക്യാമറ, ബയോമെട്രിക് സെന്‍സറുകള്‍ പോലുള്ളവ ഐഫോണുകളുടെ അറ്റകുറ്റപ്പണിക്കായി ഉപയോഗിക്കാനാവും.

അതേസമയം അറ്റകുറ്റപ്പണി സുഗമമാക്കുന്നതിനായി ആവശ്യമുള്ള ഭാഗങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് ഐഫോണിന്റെ സീരിയല്‍ നമ്പര്‍ നല്‍കണം എന്ന വ്യവസ്ഥ കമ്പനി ഒഴിവാക്കും. മോഷ്ടിക്കപ്പെട്ട ഐഫോണില്‍ നിന്നുള്ള ഭാഗങ്ങള്‍ അറ്റകുറ്റപ്പണിക്ക് ഉപയോഗിക്കുന്നത് തടയുന്നതിനായി ആക്ടിവേഷന്‍ ലോക്ക് ഫീച്ചര്‍ അനുവദിക്കും. ഐഫോണുകള്‍ മോഷ്ടിക്കപ്പെട്ടാലും നഷ്ടമായാലും അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ആപ്പിള്‍ ഒരുക്കുന്നുണ്ട്. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫോണിലെ ഭാഗങ്ങള്‍ അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ചാല്‍ അത് ആപ്പിള്‍ കണ്ടെത്തുകയും തടയുകയും ചെയ്യും. ഇതുവഴി ഐഫോണുകള്‍ മോഷ്ടിച്ച് ഘടകഭാഗങ്ങളായി വില്‍ക്കുന്നതും ഉപയോഗിക്കുന്നതും തടയാനുമാവും.

ഇത് കൂടാതെ അറ്റകുറ്റപ്പണി നടത്തിയതിന്റെ എല്ലാ വിവരങ്ങളും കമ്പനി സൂക്ഷിക്കും. ഇതുവഴി ഫോണില്‍ ഉപയോഗിച്ചത് പുതിയ ഭാഗമാണോ, പുനരുപയോഗിച്ച ഭാഗമാണോ എന്നറിയാന്‍ സാധിക്കും.