നരേന്ദ്ര മോദി

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളില്‍ മൂന്ന് ശതമാനം മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടവയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ഒതുക്കുകയാണെന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മോദി.

ഇതുവരെ കാര്യമായി ചര്‍ച്ചചെയ്യാത്ത ഒരു വസ്തുത ഞാന്‍ പറയാം. ഇ.ഡി അന്വേഷിച്ചിട്ടുള്ള കേസുകളില്‍ ആകെ മൂന്നു ശതമാനം മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടുള്ളത്. ബാക്കിയുള്ള 97 ശതമാനവും ഉദ്യോഗസ്ഥർക്കും മറ്റു കുറ്റവാളികൾക്കും എതിരേയുള്ളതാണ്, ഒരു ഹിന്ദി മാധ്യമത്തോട് സംസാരിക്കവേ മോദി പറഞ്ഞു.

അഴിമതി ഇല്ലായ്മചെയ്യുക എന്നതാണ് കഴിഞ്ഞ പത്തുവര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ഇത്തരം കേസുകളില്‍ ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലടക്കം നടപടി സ്വീകരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരേ മാത്രമാണ് കേന്ദ്ര ഏജന്‍സികള്‍ നടപടി സ്വീകരിക്കുന്നതെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കെതിരായാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതെന്ന പ്രചാരണം നടത്തുന്നത് ഇത്തരം അഴിമതിക്കേസുകളുടെ വാള്‍ തലയ്ക്കുമേല്‍ തൂങ്ങുന്നവരാണെന്നും മോദി പറഞ്ഞു.