ലംബോർഗിനി ഹുറാകാൻ എസ്.ടി.ജെ. | Photo: Lamborghini

ഹുറകാന് പകരമായ ഒരു ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാര്‍ എത്തിക്കുമെന്ന് ലംബോര്‍ഗിനി മുമ്പ് അറിയിച്ചിരുന്നു.

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ സ്‌പോര്‍ട്‌സ് കാര്‍ മോഡലായ ഹുറാകാന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. ഹുറാകാന്‍ എസ്.ടി.ജെ. എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വാഹനം നാച്വറലി ആസ്പിരേറ്റഡ് വി10 എന്‍ജിന്‍ നല്‍കുന്ന അവസാന മോഡലായിരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഹുറകാന്‍ എസ്.ടി.ജെയുടെ പത്ത് യൂണിറ്റ് മാത്രമായിരിക്കും നിര്‍മിക്കുകയെന്നാണ് വിവരം. വില സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഹുറകാന് പകരമായ ഒരു ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാര്‍ എത്തിക്കുമെന്ന് ലംബോര്‍ഗിനി മുമ്പ് അറിയിച്ചിരുന്നു. ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനൊപ്പം ഒന്നോ അതിലധികമോ ഇലക്ട്രിക് മോട്ടോറുകളുമായിരിക്കും ഈ വാഹനത്തിന് കരുത്തേകുകയെന്നാണ് വിലയിരുത്തലുകള്‍. ഈ വാഹനം എത്തുന്നതിന് മുന്നോടിയായാണ് ലംബോര്‍ഗിനി ഇപ്പോള്‍ ഹുറാകാന്റെ എസ്.ടി.ജെ. എത്തിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

ലംബോര്‍ഗിനി മുമ്പ് വിപണിയില്‍ എത്തിച്ചിട്ടുള്ള ഹുറാകാന്‍ എസ്.ടി.ഒയ്ക്ക് സമാനമായി ഒരു എക്‌സ്‌ക്ലൂസീവ് എയറോഡൈനാമിക് പാക്കേജ് നല്‍കിയാണ് എസ്.ടി.ജെ. എത്തിച്ചിരിക്കുന്നത്. ഗ്രിദിയോ ടെലസ്‌റ്റോ, ബ്ലൂ എലിയാഡി എന്നീ രണ്ട് ബോഡി കളര്‍ ഓപ്ഷനുകളിലാണ് ഹുറാകാന്‍ എസ്.ടി.ജെ. എഡിഷന്‍ എത്തുന്നത്. ഈ രണ്ട് നിറങ്ങളിലുള്ള വാഹനങ്ങളിലും ബ്ലാക്ക് റൂഫും ചുവപ്പ് നിറത്തിലുള്ള ഇന്‍സേര്‍ട്ടുകളുടെയും അലങ്കാരങ്ങളും നല്‍കുന്നുണ്ട്.

റെഗുലര്‍ ഹൂറാകാന് സമാനമായി പ്രീമിയം ഭാവത്തിലായിരിക്കും എസ്.ടി.ജെ. എഡിഷന്റെയും അകത്തളം ഒരുങ്ങുക. അല്‍കന്റാര ലെതര്‍ സീറ്റുകള്‍, ചുവപ്പ് നിറത്തിലുള്ള സ്റ്റിച്ചിങ്ങ് ഒന്ന് മുതല്‍ പത്ത് വരെ സീരിയല്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുന്ന കാര്‍ബണ്‍ ഫൈബര്‍ പ്ലേറ്റ് എന്നിവയായിരിക്കും അകത്തളത്തില്‍ അധികമായി നല്‍കുക. എയറോഡൈനാമിക കിറ്റിന്റെ ഭാഗമായി മുന്നിലെ ബമ്പറിന്റെ വശങ്ങളിലായി കാര്‍ബണ്‍ ഫൈബര്‍ ഫ്‌ളിക്കുകള്‍ നല്‍കുന്നുണ്ട്.

നാച്വറലി ആസ്പിരേറ്റഡ് 5.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 622 ബി.എച്ച്.പി. പവറും 565 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. ഹുറാകാന്‍ എസ്.ടി.ഒ. മോഡലിനെക്കാള്‍ വേഗത്തില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും എസ്.ടി.ജെ. പതിപ്പില്‍ നല്‍കിയിട്ടുണ്ട്. അഡ്ജസ്റ്റ് ചെയ്യാവുന്ന റേസിങ്ങ് ഷോക്ക് അബ്‌സോര്‍ബറുകളാണ് ഈ വാഹനത്തിലുള്ളത്.