Photo: AFP
വാട്‌സാപ്പിലും എഐ സൗകര്യങ്ങളെത്തുന്നു. മെറ്റ എഐ എന്ന ചാറ്റ്‌ബോട്ട് സൗകര്യം ഇന്ത്യയിലെ ചില വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മെറ്റയുടെ തന്നെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. ചാറ്റ് ജിപിടിയെ പോലെ തന്നെ എന്തിനെകുറിച്ചും ഈ ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്യാനാവും.
ഇംഗ്ലീഷ് ഭാഷ മാത്രം പിന്തുണയ്ക്കുന്ന മെറ്റ എഐ വളരെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമെ ലഭ്യമാക്കിയിട്ടുള്ളു. ഇന്ത്യയിലും ചുരുക്കം ചിലര്‍ക്ക് മാത്രമെ ഇത് ലഭ്യമാക്കിയിട്ടുണ്ടാവൂ. മെറ്റ എഐയ്ക്ക് അയക്കുന്ന സന്ദേശങ്ങള്‍ വായിക്കാനും മറുപടിനല്‍കാനും മാത്രമേ മെറ്റ എഐയ്ക്ക് സാധിക്കുള്ളൂ എന്നും മറ്റ് ചാറ്റുകളൊന്നും ഇത് വായിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.
ന്യൂ ചാറ്റ് ഐക്കണ്‍ തുറന്നാല്‍ New Group, New Contact, New Community, New Broadcast എന്നിവയ്ക്ക് താഴെയായി New AI Chat എന്ന ഓപ്ഷന്‍ കാണാം. ഇത് ക്ലിക്ക് ചെയ്ത് ചാറ്റ് ആരംഭിക്കാം.
ഇത് കൂടാതെ ചാറ്റ്‌സ് ടാബിന് മുകളിലായി ക്യാമറ ബട്ടന് അടുത്ത് മെറ്റ എഐയുടെ വൃത്താകൃതിയിലുള്ള ലോഗോ കാണാം. അതില്‍ ടാപ്പ് ചെയ്തും ചാറ്റ് ആരംഭിക്കാം.
മെറ്റ എഐ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ലാമയുടെ കൂടുതല്‍ ശക്തിയേറിയ ലാമ 3 അടുത്തമാസം അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വേര്‍ഷന്‍ മെറ്റ എഐയില്‍ എത്തിയാല്‍ ചാറ്റ്‌ബോട്ടിന്റെ മറുപടികള്‍ കൂടുതല്‍ കൃത്യതയുള്ളതായി മാറിയേക്കും.
