പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം | ചിത്രം: പി.ടി.ഐ.
ഒരു പ്രത്യേക സീസണില്‍ ദേശാടനപ്പക്ഷികള്‍ പ്രത്യേക സങ്കേതങ്ങളിലേക്ക് വരുന്നതുപോലെയാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് കാലത്തുമാത്രം തമിഴ്‌നാട്ടിലേക്ക് വരുന്നതെന്ന് എം.കെ സ്റ്റാലിൻ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ദേശാടനപ്പക്ഷിയേപ്പോലെയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഒരു പ്രത്യേക സീസണില്‍ ദേശാടനപ്പക്ഷികള്‍ പ്രത്യേക സങ്കേതങ്ങളിലേക്ക് വരുന്നതുപോലെയാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് കാലത്തുമാത്രം തമിഴ്‌നാട്ടിലേക്ക് വരുന്നത് എന്നായിരുന്നു എക്‌സ് പ്ലാറ്റ്‌ഫോമിൽ സ്റ്റാലിന്റെ പരിഹാസം. ‘മോദിയുടെ ഗ്യാരന്റി’ എന്ന അവകാശവാദത്തെ സൂചിപ്പിച്ചുകൊണ്ട്, പ്രധാനമന്ത്രി നടപടി കൈക്കൊള്ളുമോ എന്ന ചോദ്യമുന്നയിച്ച് വിവിധ പദ്ധതികളുടെ പട്ടിക പങ്കുവെച്ചുകൊണ്ടായിരുന്നു സ്റ്റാലിന്റെ പരിഹാസം.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ പലയിടങ്ങളിലായി നടത്തിയ പൊതുപരിപാടികളില്‍ നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു സ്റ്റാലിന്റെ ചോദ്യങ്ങള്‍. ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുമുതല്‍ നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുമോ എന്നതടക്കമുള്ള ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ ലോണുകള്‍ പ്രധാനമന്ത്രി എഴുതിത്തള്ളുമോ, രണ്ട്‌കോടിയോളം വരുന്ന യുവാക്കള്‍ക്ക് വര്‍ഷംതോറും ജോലി കൊടുക്കുമോ, റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി സ്‌കീം വഴി യുവാക്കള്‍ക്ക് മാസം 400 രൂപ നല്‍കുമോ, ജാതി സെന്‍സസ് നടത്തുമോ, എസ്.സി-എസ്.ടി-ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് സംവരണം നിര്‍ബന്ധമായും നടപ്പിലാക്കുമോ എന്നിങ്ങനെ പോകുന്നു സ്റ്റാലിന്റെ ലിസ്റ്റിലെ ചോദ്യങ്ങള്‍.
വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന പെട്രോള്‍, ഡീസല്‍, പാചകവാതക സിലിണ്ടര്‍ നിരക്ക് കുറയ്ക്കാനാകുമോ, സെസ്സ്, സര്‍ചാര്‍ജ് എന്നൊക്കെ പറഞ്ഞുനടത്തുന്ന കൊള്ള നിര്‍ത്തലാക്കാനാകുമോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്, ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ടുമെന്റ്, സി.ബി.ഐ. എന്നീ അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കാമോ, സമൂഹത്തില്‍ താഴേക്കിടയിലുള്ള ജനങ്ങളെ രണ്ടാംകിട പൗരന്മാരായി കണക്കാക്കില്ലെന്ന് ഉറപ്പ് നല്‍കാമോ തുടങ്ങിയ ചോദ്യങ്ങളും സ്റ്റാലിൻ ഉന്നയിക്കുന്നുണ്ട്.
മോദിയുടെ ഗ്യാരണ്ടി, അതായത് മോദിയുടെ ഉറപ്പ് എന്നുപറഞ്ഞാണല്ലോ ബി.ജെ.പി. പ്രചാരണപരിപാടികള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ താന്‍ ചോദിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കൊക്കെ ഉറപ്പുതരാനാകുമോ എന്നാണ് നീണ്ട പട്ടിക പങ്കുവെച്ചുകൊണ്ട് സ്റ്റാലിന്‍ ചോദിക്കുന്നത്. അല്ലാത്തപക്ഷം, മോദിയുടെ ഉറപ്പുകളെല്ലാം കള്ളന്മാരെ കാവിമുക്കുന്നതുപോലെയുള്ള സ്ഥിരം ബി.ജെ.പി. പരിപാടി ആയിപ്പോകുമെന്നും സ്റ്റാലിന്‍ എക്‌സ് പോസ്റ്റില്‍ പറയുന്നു.
