കോട്ടയ്ക്കൽ പുത്തൂരിൽ നിയന്ത്രണംവിട്ട് കെട്ടിടത്തിൽ ഇടിച്ചുകയറിയ ചരക്കുലോറിയിൽ നിന്ന് ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമം
കടയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
കോട്ടയ്ക്കല്‍: പുത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു. ശിവകാശി സ്വദേശി പാണ്ഡ്യരാജ് (25) ആണ് മരിച്ചത്. പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് കോട്ടയ്ക്കലിലേക്ക് വരുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്തുതന്നെ ഡ്രൈവർ മരിച്ചു.
ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ ലോറി കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതേസമയം കടയിലുണ്ടായിരുന്നവര്‍ ലോറി വരുന്നതുകണ്ട് ഓടിരക്ഷപ്പെട്ടു. ഡ്രൈവറെ രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ ജെ.സി.ബി. ഉപയോഗിച്ച് ലോറി പുറകിലേക്ക് വലിച്ചു നീക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാബിന്‍ പൊളിച്ചുമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്.
തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെ വിഷു വിപണിയിലേക്കുള്ള പടക്കവുമായെത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം കോട്ടയ്ക്കലിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.
