പി.വി.ആർ സിനിമാസ്, ആവേശം, വർഷങ്ങൾക്കുശേഷം എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ | ഫോട്ടോ: twitter.com/GreatKerala1, facebook.com/FahadhFaasil, https://facebook.com/official.vineethsreenivasan

വിഷു റിലീസായെത്തിയ ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന പിവിആർ തിയേറ്റർ ശൃംഖലയുടെ നിലപാടിനെതിരെ പ്രതിഷേധം കടുപ്പിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ‌് അസോസിയേഷനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും. ഈ പ്രവൃത്തികൊണ്ട് നിർമ്മാതാക്കൾക്ക് ഉണ്ടാകുന്ന നഷ്ട‌ത്തിനുൾപ്പടെ പരിഹാരം കണ്ടാൽ മാത്രമേ പിവിആറുമായി സഹകരിക്കൂ എന്ന് സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ചിരിക്കുകയാണ് പിവിആര്‍. ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് തീരുമാനം. ഇക്കാര്യം വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സംഘടനകൾ വിശദീകരിച്ചിട്ടുണ്ട്.

ഒരു നിർമ്മാതാവിന്/വിതരണക്കാരന് തിയേറ്ററിൽ സിനിമയുടെ കണ്ടന്റ് നൽകുന്നതിന് ചെലവാകുന്ന തുകയാണ് വിർച്വൽ പ്രിന്റ് ഫീ എന്ന് അവർ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. തിയേറ്ററുകളിലേക്ക് കണ്ടന്റ് എത്തിക്കുന്ന ക്യൂബ്, യുഎഫ്ഓ, പിഎക്സ്ഡി, ടിഎസ്ആർ എന്നിവ ഈടാക്കുന്നത് അധിക തുകയായതിനാൽ നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ‌് അസോസിയേഷൻ മുൻകൈയെടുത്ത് പിഡിസി എന്ന പേരിൽ ഒരു കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് തുടങ്ങി. കുറഞ്ഞ ചെലവിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സൗകര്യം ഒരുക്കുകയാണ് ഇതുവഴി ചെയ്തത്.

സ്വന്തമായി പ്രൊജക്‌ടറും സെർവറും വാങ്ങി തിയേറ്റർ നടത്തുന്ന ഇടങ്ങളിലാണ് ഇപ്പോൾ കൂടുതലും പിഡിസി കണ്ടന്റ് നൽകുന്നത്. അല്ലാത്ത ഇടങ്ങളിൽ നിലവിൽ മറ്റ് കണ്ടന്റ് പ്രൊവൈഡേഴ്സിന്റെ കരാർ ഉള്ളതുകൊണ്ട് അത് തീർന്നശേഷം മാത്രം അവിടങ്ങളിലും പിഡിസി കണ്ടൻ്റ് നൽകുകയെന്നാണ് നിലവിൽ തിയേറ്റർ ഉടമയുമായുള്ള ധാരണ. എന്നാൽ ക്യൂബ്, യുഎഫ്ഓ, പിഎക്സ്ഡി, ടിഎസ്ആർ എന്നീ കണ്ടന്റ് പ്രൊവൈഡർമാർ തിയേറ്ററുകാർക്ക് വാടകയ്ക്ക് നൽകിയിട്ടുള്ള പ്രൊജക്‌ടറിന് വലിയ തുക വിർച്വൽ പ്രിന്റ് ഫീ (VPF) എന്നപേരിൽ വാടകയായി നിർമ്മാതാക്കളിൽനിന്നും കാലങ്ങളായി ഈടാക്കിവരികയാണ്. നഷ്ട‌ം സഹിച്ചും നിർമ്മാതാക്കളും വിതരണക്കാരും ഇതിനോട് സഹകരിക്കുന്നത് കാലാനുസൃതമായി ഒരു പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പിവിആർ സിനിമാസ് കൊച്ചിയിൽ തുടങ്ങിയ ഫോറം മാളിൽ ഒൻപത് പുതിയ സ്ക്രീനുകൾ സ്വന്തമായി പ്രൊജക്ടറും സെർവറും സ്ഥാപിച്ച് ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ മലയാള സിനിമകൾ അവിടെ റിലീസ് ചെയ്യുന്നത് പിഡിസി നൽകുന്ന കുറഞ്ഞ വിപിഎഫ് നിരക്കിൽ ആയിരിക്കണം എന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചിത്രങ്ങൾ പ്രദർശിപ്പിക്കണമെങ്കിൽ ക്യൂബ് ഈടാക്കുന്ന ഉയർന്ന വിപിഎഫ് നൽകണമെന്ന നിലപാടിലാണ് പിവിആർ സിനിമാസ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് അവരെ അറിയിച്ചപ്പോൾ റംസാൻ – വിഷു ചിത്രങ്ങളായ ആവേശം, വർഷങ്ങൾക്ക് ശേഷം, ജയ് ഗണേഷ് എന്നിവ റിലീസ് ചെയ്യാതിരിക്കുകയും നേരത്തെ റിലീസ് ചെയ്‌ത പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ്, ആടുജീവിതം എന്നീ ചിത്രങ്ങൾ പിവിആർ സിനിമാസ് നിർത്തുകയും ചെയ്‌തെന്നും നിർമാതാക്കളും വിതരണക്കാരും ചൂണ്ടിക്കാട്ടി.

അതേസമയം, മലയാളം ഒഴികെയുള്ള സിനിമകള്‍ക്ക് പിവിആറില്‍ ബുക്കിങ് സ്വീകരിക്കുന്നുണ്ട്. പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടെ മിയാന്‍, അജയ് ദേവ്ഗണിന്റെ ചിത്രം മൈതാന്‍ തുടങ്ങി ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ഒട്ടേറെ സിനിമകള്‍ നിലവില്‍ പിവിആറില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.